കടല്ക്കൊല: എന്‍.ഐ.എ. അന്വേഷിച്ചേക്കും

Sat, 30-03-2013 11:15:00 AM ;

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവിക സൈനികര്‍ കേരള തീരത്ത് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ക്ക് കൈമാറാന്‍ സാധ്യത. അടുത്ത ആഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം വന്നേക്കും. സൈനികരെ ഇന്ത്യയില്‍ വിചാരണ നടത്താനുള്ള അധികാരം സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനും ആലോചനയുണ്ട്.

 

കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ തമ്മില്‍ നടന്ന പ്രാഥമിക ചര്‍ച്ചകളിലാണ് തീരുമാനം. സമുദ്രാതിര്‍ത്തിയും സമുദ്ര സുരക്ഷയും സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ ഐക്യരാഷ്ട്ര സഭാ ഉടമ്പടികളെ ലംഘിക്കുന്നില്ലെന്നാണ് മന്ത്രാലയങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയുടെ വിചാരണ അധികാരം സംബന്ധിച്ച് പിന്നീട് പരിശോധിക്കും എന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.

 

കേസില്‍ കേരളത്തിന് വിചാരണ നടത്താനാവില്ല എന്ന് നേരത്തെ വിധിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിചാരണ കോടതി സ്ഥാപിക്കണം എന്ന് ഉത്തരവിട്ടിരുന്നു. ഇതേ വിധിയിലാണ് ഇന്ത്യയുടെ വിചാരണ അധികാരം ഇറ്റലിക്ക് വിചാരണ കോടതിയില്‍ ചോദ്യം ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടത്.

 

പ്രത്യേക വിചാരണ കോടതി ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.

Tags: