നിതാഖത്: താല്‍ക്കാലിക ആശ്വാസമായി റിയാദില്‍ ഇളവ്

Sat, 06-04-2013 11:45:00 AM ;

കൊച്ചി: മലയാളികളടക്കമുള്ളവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പുതിയ തൊഴില്‍ നയം നിതാഖത് നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യ രണ്ടുമാസത്തേക്ക് നീട്ടി. റിയാദ് ഗവര്‍ണ്ണര്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും.

 

ബാങ്കുകള്‍, പണവിനിമയ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കടകള്‍ എന്നിവക്കെല്ലാം ഇളവ് ബാധകമാണ്. വാണിജ്യ-വ്യവസായ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് മാര്‍ച്ച് 27 ന് നിതാഖത് പ്രാബല്യത്തില്‍ വന്നതുമുതല്‍ അനധികൃത ജോലിക്കാരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഗവര്‍ണ്ണറുടെ നടപടി.

 

സൗദി അറേബ്യയിലെ മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നടപടി പ്രവാസി ജോലിക്കാര്‍ തൊഴില്‍ മേഖലകളില്‍ നിന്ന് മാറി നില്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ വാണിജ്യ-വ്യവസായ മേഖലകള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. നിര്‍മ്മാണ മേഖലയും ഏറെക്കുറെ നിശ്ചലമാണ്.

Tags: