‘കേരളം ഭരിക്കുന്നത് ന്യൂനപക്ഷമെന്ന്’

Sat, 27-04-2013 11:00:00 AM ;

ചങ്ങനാശ്ശേരി: ന്യൂനപക്ഷ നേതാക്കളായ മൂന്നുപേരാണ് കേരളം ഭരിക്കുന്നതെന്നും ഭൂരിപക്ഷത്തിന് പലായനം ചെയ്യേണ്ട അവസ്ഥയാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്‍.എസ്.എസ്. ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും

 

ഭരണത്തിലെ അസമത്വം പരിഹരിക്കാന്‍ ഭൂരിപക്ഷത്തിന് താക്കോല്‍സ്ഥാനത്ത് പ്രാതിനിധ്യം ആവശ്യപ്പെട്ടെങ്കിലും അത് പരീക്ഷിച്ചുനോക്കാന്‍പോലും ബാധ്യതപ്പെട്ടവര്‍ തയ്യാറായില്ലെന്ന് സുകുമാരന്‍നായര്‍ പറഞ്ഞു. ഇതിന് പോംവഴി ആലോചിക്കുമെന്നും വേണ്ടിവന്നാല്‍ ഒരുമിച്ച് രാഷ്ട്രീയനിലപാട് എടുക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിക്കുന്നതില്‍ തെറ്റുകാണാത്തവര്‍ ഹിന്ദുക്കള്‍ യോജിക്കുമ്പോള്‍ വര്‍ഗീയത ആരോപിക്കുകയാണ് ഇരു നേതാക്കളും കുറ്റപ്പെടുത്തി.
 

ഇന്നത്തെ കേരളഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കേ രക്ഷയുള്ളൂ. മുസ്‌ലിങ്ങള്‍ക്ക് ഒരേസമയം സംവരണവും ന്യൂനപക്ഷ സംരക്ഷണവും കിട്ടുന്നു. ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ സംരക്ഷണവും അതിലൊരു വിഭാഗത്തിന് സംവരണവും ലഭിക്കുന്നു. ഒരു ആനുകൂല്യവും കിട്ടാത്ത പാവപ്പെട്ടവര്‍ ഹൈന്ദവരിലാണ് ഏറെ. ഹിന്ദുക്കള്‍ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം മാറ്റാനും അവകാശം നേടാനുമാണ് ശ്രമിക്കുന്നത്. അത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു.

Tags: