എൻ.എസ്.എസ്സിന്റെ ആവശ്യം ശിവദാസൻ നായരെ മന്ത്രിയാക്കാതിരിക്കാൻ

Tue, 30-04-2013 12:15:00 PM ;
ഗ്ലിന്റ് വാര്‍ത്ത

തിരുവനന്തപുരം: കെ.ബി. ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കണമെന്ന എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി. ഉമ്മൻ ചാണ്ടിയുടെ വലംകൈയ്യായ ശിവദാസൻ നായർ ആർ. ബാലകൃഷ്ണപിള്ള നിശ്ചയിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നുള്ള മന്ത്രിയാകുമെന്ന് ഉറപ്പായതായിരുന്നു. അദ്ദേഹം കൊട്ടാരക്കരയിലെത്തി ബാലകൃഷ്ണപിള്ളയെക്കണ്ട് ഇരുവരും തമ്മില്‍ ധാരണയിലെത്തി. ഈ നീക്കങ്ങളില്‍ സുകുമാരൻ നായർ പങ്കാളിയായിരുന്നില്ല.

 

മന്ത്രിസ്ഥാനം രാജിവെച്ച് ചങ്ങനാശ്ശേരിയിലെത്തിയ ഗണേഷ്‌ കുമാർ സുകുമാരൻ നായരുമായി ചെലവിട്ട നിമിഷങ്ങളാണ് സുകുമാരൻനായരെ മകന്റെ ഭാഗത്തേക്ക് ചായാൻ പ്രേരിപ്പിച്ചത്. അവിടെയെത്തിയ ഗണേഷ്‌കുമാർ തനിക്ക് യാമിനിയില്‍ നിന്നേറ്റ ക്രൂരപീഡനങ്ങളുടെ കഥ അദ്ദേഹത്തിന്റെ മുന്നില്‍ അഴിച്ചിട്ടു. ഉടുപ്പൂരി പട്ടിക കൊണ്ട് തന്റെ മുതുകത്ത് യാമിനി അടിച്ചതിന്റെ പാടു കാട്ടിക്കൊടുത്തു. ഇതിനെല്ലാം പുറമേ തന്നെ മന്ത്രിസഭയില്‍ നിന്നിറക്കുന്നതിനായി യാമിനിയെ ഉപയോഗിച്ചുകൊണ്ട് ബാലകൃഷ്ണപിള്ളയും പി.സി. ജോർജും ചേർന്നു തയ്യാറാക്കിയ തിരക്കഥയുടെ ഫലമായിരുന്നുവെന്നും ഗണേഷ്‌ കുമാർ സുകുമാരൻ നായരെ ബോധിപ്പിച്ചു. യാമിനി തയ്യാറാക്കിയ പ്രസ്താവന അവർ ബാലകൃഷ്ണപിള്ളയേയും പി.സി. ജോർജിനേയും വായിച്ചുകേൾപ്പിച്ചുവെന്നുള്ളത് തെളിവു സഹിതം ഗണേഷ്‌ കുമാർ സുകുമാരൻ നായരെ ബോധ്യപ്പെടുത്തിയത്രെ. ഒരച്ഛൻ മകനെതിരെ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നതിശയപ്പെട്ടുകൊണ്ട് സുകുമാരൻ നായർ അച്ഛന്റെ സ്ഥാനത്തു നിന്നുകൊണ്ട് ഗണേഷ്‌ കുമാറിനെ ആശ്വസിപ്പിക്കുകയും നിലപാടു മാറ്റുകയും ചെയ്യുകയാണുണ്ടായത്.

 

ബാലകൃഷ്ണപിള്ളയുടെയും ജോർജിന്റെയും മുഴുവൻ നീക്കങ്ങളും ഉമ്മൻചാണ്ടിക്ക് അറിയാമായിരുന്നതു കൊണ്ടാണ് അദ്ദേഹം ഗണേഷ്‌ കുമാറിനെ അവസാനം വരെ പിന്തുണച്ചതും ഒത്തുതീർപ്പുകരാറുണ്ടാക്കിയതും. അതിനിടയില്‍ ചില ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാർ യാമിനിക്കെതിരെ നടത്തിയ നീക്കങ്ങളാണ് പാളിപ്പോയത്. ഈ പശ്ചാത്തലത്തിലാണ് ഒരുകാരണവശാലും ബാലകൃഷ്ണപിള്ളയുടെ ഒരു നീക്കത്തേയും ഇനി മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നുള്ള തീരുമാനത്തില്‍ സുകുമാരൻ നായർ എത്തിച്ചേർന്നിട്ടുള്ളത്. അതിനാല്‍ ഗണേഷിനെ മന്ത്രിയായി വീണ്ടും അവരോധിക്കാനല്ല, ഗണേഷിനെ മന്ത്രിയാക്കണമെന്ന്‍ എൻ.എസ്.എസ് ആവശ്യപ്പെട്ടിട്ടുള്ളത്. എൻ.എസ്.എസ്സിനു ഇഷ്ടമല്ലാത്ത ഒരാളെ ഇന്നത്തെ നിലയ്ക്ക് മന്ത്രിയാക്കില്ലെന്ന് സുകുമാരൻ നായർക്ക് നന്നായറിയാം. അതുകൊണ്ടാണ് ബാലകൃഷ്ണപിള്ളയുടെ പ്രതിനിധിയെ എൻ.എസ്.എസ്സിനു സ്വീകാര്യമല്ലെന്ന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇതു മനസ്സിലാക്കിക്കൊണ്ടാണ് ബാലകൃഷ്ണപിള്ള വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. തന്റെ പാർട്ടിക്കുള്ളതാണ് മന്ത്രിസ്ഥാനമെന്നും അതില്‍ എൻ.എസ്.എസ്സിനു ഒരവകാശവാദവും ഉന്നയിക്കാൻ അർഹതയില്ലെന്നും വരുത്തിത്തീർക്കുവാൻ വേണ്ടി. ഇപ്പോൾ ഗണേഷ്‌കുമാർ എൻ.എസ്.എസ്സിനകത്തും ബാലകൃഷ്ണപിള്ള പുറത്തുമായിരിക്കുന്ന സാഹചര്യമാണ്. ഇതൊക്കെ ഏതു സമയവും മാറിമറിയാൻ താമസമില്ല എന്നുള്ളതും വർത്തമാനകാല യാഥാർഥ്യം തന്നെ.

Tags: