വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Tue, 30-04-2013 03:30:00 PM ;

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച വൈദ്യുതിനിരക്കുകള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ കമ്മി 1050 കോടി രൂപയായത്  കണക്കിലെടുത്താണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്ന വര്‍ധന അടുത്ത മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുമ്പ് വൈദ്യുതി നിരക്ക് കൂട്ടിയത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയെയും അനാഥാലയങ്ങളെയും നിരക്കുവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നേരിയ വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ലാബ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി എല്ലാ യൂണിറ്റിനും ഒരേ നിരക്കായിരിക്കും ഉപഭോക്താക്കള്‍ നല്‍കേണ്ടത്.

നാല്‍പത് യൂണിറ്റ് വരെ 1.50 രൂപ തന്നെയായിരിക്കും നിരക്ക്. 41- 80 യൂണിറ്റ് വരെ 2.40 രൂപ (പഴയ നിരക്ക് 2.20 രൂപ), 81-120 യൂണിറ്റ് വരെ മൂന്ന് രൂപ (പഴയ നിരക്ക് 2.90 രൂപ), , 121-150 യൂണിറ്റ് വരെ 3.80 രൂപ (പഴയ നിരക്ക് 3.60 രൂപ), , 151-200 യൂണിറ്റ് വരെ 5.30 (പഴയ നിരക്ക് 4.80 രൂപ), , 201-300 യൂണിറ്റ് വരെ 6.50 രൂപയുമാണ് (പഴയ നിരക്ക് ആറു രൂപ) എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍ .

Tags: