കുവൈത്ത് സ്വദേശിവത്ക്കരണം നിഷ്ഠുരമാകുന്നു

Fri, 31-05-2013 11:27:00 PM ;

Kuwait , malayalees, deportationകുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ഒട്ടും സൗഹൃദമല്ലാത്ത രാജ്യമെന്ന അന്താരാഷ്ട്രസര്‍വേ കണ്ടെത്തലിനെ ശരിവയ്ക്കുന്ന വിധം കുവൈത്തിസ്വദേശവത്ക്കരണം കര്‍ക്കശവും നിഷ്ഠൂരവുമാകുന്നു. മെയ് 23ന് മുന്നറിയിപ്പൊന്നുമില്ലാതെ നടത്തിയ റെയിഡില്‍ അഞ്ഞൂറ് പേരെ മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു ഡിപ്പോര്‍ട്ടേഷന്‍ ജയിലിലടയ്ക്കുകയുണ്ടായി. മെയ് 26ന് ഇക്കാര്യം ലൈഫ്ഗ്ലിന്റ് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 31 ആയതോടെ കവൈത്തിലെ ഡിപ്പോര്‍ട്ടേഷന്‍ ജയിലുള്‍പ്പടെയുള്ള ജയിലുകള്‍ അറസ്സ് ചെയ്യപ്പെട്ട ആയിരക്കണക്കിന് വിദേശികളെക്കൊണ്ട് നിറഞ്ഞു. ജയിലലടയ്ക്കപ്പെട്ടവരുടെ വിവരം ലഭ്യമാകാനും മാര്‍ഗ്ഗമില്ല.

ഏതാനും ദിവസം മുന്‍പ് സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് വേസ്റ്റ് താഴെയുള്ള ചവറ്റുകുട്ടയിലിടാനിറങ്ങിയ മലയാളി യുവാവിനെ പോലീസ് പിടികൂടി ഉടന്‍ നാടുകടത്തി.  ശരിയായ വിസയും മതിയായ എല്ലാ രേഖകളുമുള്ള യുവാവാണ് ഇദ്ദേഹം. എന്നാല്‍ ജോലിസ്ഥലത്തുനിന്ന് എത്തി വൈകുന്നേരം ഫ്‌ളാറ്റിനുതാഴെയുള്ള ചവറിടുന്നിടത്തേക്ക് വേസ്റ്റ് കളയാനെത്തിയപ്പോള്‍ ഇദ്ദേഹം തിരിച്ചറിയല്‍കാര്‍ഡോ മറ്റ് രേഖകളോ എടുത്തിരുന്നില്ല. പതിവുപോലെ അദ്ദേഹമിറങ്ങിയപ്പോഴാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്. ശരിയായ എല്ലാ രേഖകളും ഉണ്ടെന്ന് അറിയിച്ചിട്ടും അതു കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ല. അറസ്സ് അദ്ദേഹത്തിന്റെ വീട്ടില്‍ അറിയിച്ചില്ല. അദ്ദേഹത്തിനു വീടുമായി ബന്ധപ്പെടാനും പോലീസ് അവസരം നല്‍കിയില്ല. അദ്ദേഹത്തിന്റെ ഭാര്യ അവിടെ നഴ്‌സാണ്. അവര്‍ പ്രത്യേക ജോബ് വിസയില്‍ വന്നതിനാല്‍ ഭാര്യ ഇദ്ദേഹത്തിന്റെ ആശ്രിതരുടെ രേഖകളില്‍ ഇല്ലായിരുന്നു. അദ്ദേഹത്തെ രേഖകളില്ലാത്ത വ്യക്തിയായി കണ്ട് നാടുകടത്തുകയായിരുന്നു. വേസ്റ്റ് കളയാന്‍പോയ ഭര്‍ത്താവിനെ കാണാഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ ബന്ധപ്പെട്ടിട്ടും ഭാര്യയ്ക്ക് വിവരം ലഭിക്കുകയുണ്ടായില്ല. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ഭര്‍ത്താവ് കേരളത്തില്‍ നിന്ന് വിളിക്കുമ്പോഴാണ് നാടുകടത്തപ്പെട്ട വിവരം ഭാര്യ അറിയുന്നത്.

ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം വിദേശികളെ നാടുകടത്തുക എന്ന കുവൈത്ത് സര്‍ക്കാരിന്റെ  തീരുമാനമനുസരിച്ചാണ് ഈ കാര്‍ക്കശ്യരീതിയിലുള്ള പരിശോധനയും ജയിലിലടയ്ക്കലും നാടുകടത്തലും. സൗദി അറേബ്യയിലെ നിതാഖത് നിയമം നടപ്പാക്കലുമായി കുവൈത്തിലേത് താരതമ്യം ചെയ്യാന്‍പോലും പറ്റില്ലെന്നാണ് കുവൈത്തിലുള്ള മലയാളികള്‍ പറയുന്നത്. ശരിയായ രേഖകളുള്ളവര്‍ക്കുപോലും ഇപ്പോഴത്തെ പരിശോധന നിമിത്തം പുറത്തിറങ്ങാന്‍ പേടിയാണ്. അര്‍ധരാത്രിക്ക് ശേഷം പോലീസ് കുവൈത്തികളുടെ വീട്ടിലും അന്വേഷണത്തിനായി എത്തുന്നു. അതാതിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരെയും കൂട്ടിയാണ് വീട്ടുവേലയ്‌ക്കെത്തിയവരില്‍ ശരിയായ രേഖകളുണ്ടോ എന്നു കുവൈത്തി കുടുംബങ്ങളിലെത്തി പരിശോധിക്കുന്നത്. നിരവധി പേരാണ് ഈ പരിശോധനയില്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത്.

നാടുകടത്തുന്നതില്‍പോലും കുവൈത്ത് സര്‍ക്കാര്‍ തെല്ലും മനുഷ്യത്വ പരിഗണന കാണിക്കുന്നില്ല. ഇന്ത്യക്കാരാണെങ്കില്‍ അവര്‍ എവിടെനിന്നുള്ളവരാണെന്നു നോക്കാതെ കിട്ടുന്ന ഫ്‌ളൈറ്റില്‍ ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് കയറ്റിവിടുകയാണ്. അങ്ങിനെയാണ് 26-പേര്‍ വെള്ളിയാഴ്ച ദില്ലി വിമാനത്താവളത്തിലെത്തിയത്. ഏറ്റവും കൂടുതല്‍ അറസ്സിലായിട്ടുള്ളത് ബംഗ്ലാദേശികളാണ്. ആയിരവും അതിലധികവുമുള്ള ഗ്രൂപ്പുകളായാണ് ബംഗ്ലാദേശികള്‍ അറസ്റ്റിലാവുന്നത്. കുവൈത്തിലെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പട്ടിട്ടുള്ളവരാണ് ഇവരില്‍ ഭുരിഭാഗവും. ഇതിനെത്തുടര്‍ന്ന് ഇപ്പോള്‍ മിക്ക ഓഫീസുകളിലേയും ക്ലീനിംഗ്‌ജോലികള്‍ മുടങ്ങിയ അവസ്ഥയിലാണ്. ഇത് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്ന അവസ്ഥയിലേക്കും നീങ്ങുന്നുണ്ട്.

 

ബംഗ്ലാദേശ് എംബസിയാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ബദ്ധിമുട്ടാക്കുന്ന സ്വദേശിവത്ക്കരണനടപടിയെക്കുറിച്ച് ആദ്യം സര്‍ക്കാരിന് പരാതി നല്‍കിയത്. പക്ഷേ കുവൈത്ത് സര്‍ക്കാര്‍ അത് തെല്ലും പരിഗണിച്ചില്ല. തൊട്ടുപിന്നാലെ ഇന്ത്യന്‍ എംബസിയും പരാതി നല്‍കിയിട്ടുണ്ട്.

 

സാധാരണവാഹനങ്ങളില്‍ സാധാരണവേഷത്തിലെത്തിയാണ് പലയിടങ്ങളിലും പോലീസ് വിദേശികളെ അറസ്റ്റ് ചെയ്യുന്നത്. കൂട്ടമായി വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോകുന്നിടത്തുനിന്ന് വീട്ടില്‍ ട്യൂഷന്‍ നടത്തുന്നവരെയും അറസ്സ് ചെയ്യുന്നു. കഴിഞ്ഞയാഴ്ച സ്വദേശിവത്ക്കരണ അറസ്റ്റിനെത്തുടര്‍ന്ന് റോഡുകളിലെ തിരക്കു കുറഞ്ഞിരുന്നുവെങ്കില്‍ ഈ അടുത്ത ദിവസങ്ങളില്‍ റോഡുകള്‍ താരതമ്യേന ശൂന്യമായതുപോലെയാണ് കാണപ്പെട്ടത്. ഓഫീസുകളില്‍ ഹാജര്‍ വളരെ കുറവാണ്. കുടുംബമായി യാത്രചെയ്യുന്നവരെ പരിശോധിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരേയും തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നുണ്ട്.

 

"കുവൈത്തിലെ ജീവിതം ഇപ്പോള്‍ പേടിയാവുന്നു. എന്തും എപ്പോഴും സംഭവിക്കാം." പതിറ്റാണ്ടുകളായി കുവൈത്തില്‍ താമസിക്കുന്ന ഒരു കുടുംബം പറയുകയുണ്ടായി. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ഇടപെടാതിരുന്നതിലും, ഈ വിഷയം ശ്രദ്ധയില്‍ പെട്ടതായി കാണാഞ്ഞതിലും കൂവൈത്തിലെ മലയാളികള്‍ ദുഖിതരാണ്. തങ്ങളുടെ ആത്മവിശ്വാസം തീരെ കെട്ടുപോകാന്‍ അതു കാരണമായെന്നും അവര്‍ പറയുന്നു.     

 

Tags: