നായരീഴവ ഐക്യം പൊളിയുന്നു

Sun, 02-06-2013 06:17:00 PM ;

കൊച്ചി: കേരളത്തില്‍ ഭരണരംഗത്തും പൊതുരംഗത്തും ന്യൂനപക്ഷാധിപത്യം മൂലം ഭൂരിപക്ഷ സമുദായങ്ങൾക്ക് രക്ഷയില്ലാത്ത ഗതിയായെന്ന്‍ പറഞ്ഞുകൊണ്ട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെയും എൻ.എസ്സ്.എസ്സ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുടേയും നേതൃത്വത്തില്‍ രൂപം കൊണ്ട നായരീഴവ ഐക്യം പൊളിയുന്നു.

 

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്. അതിന്റെ ആദ്യത്തെ പ്രതികരണമായിരുന്നു വെള്ളാപ്പള്ളി വെള്ളിയാഴ്ച നടത്തിയ പ്രസ്താവന. ചരിത്രത്തില്‍ ആദ്യമായാണ് എസ്.എൻ.ഡി.പിക്ക് ഇത്രയധികം സ്‌കൂളുകൾ ലഭിക്കുന്നതെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പരസ്യപ്രസ്താവന. സ്‌കൂളുകൾ അനുവദിച്ചതും ഈ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരുന്നു. അതിന് പറമേ ആലപ്പുഴയില്‍ പ്രിൻസ് ബാര്‍ ഹോട്ടലിനു സമീപമുള്ള കെ.ടി.ഡി.സി  ബീർപാർലർ ഏതാനും ദിവസങ്ങൾക്കു മുന്‍പ് നിർത്താലാക്കുകയും ചെയ്തു. വെള്ളാപ്പള്ളിനടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയുടേതാണ് പ്രിൻസ് ഹോട്ടല്‍.

 

ഇരുസമുദായനേതാക്കളേയും നിശിതമായി വിമർശിച്ചുകൊണ്ടുള്ള ആലപ്പുഴ ഡി.സി.സിയുടെ പ്രമേയത്തിനും പ്രസിഡന്റ് എ.എ ഷുക്കൂറിന്റെ രൂക്ഷമായ ആക്ഷേപത്തിന്റെയും പശ്ചാത്തലത്തില്‍ എൻ.എസ്.എസ് പരസ്യമായി തങ്ങൾക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച സ്ഥാനമാനങ്ങൾ രാജിവച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചേര്‍ന്ന എസ്.എൻ.ഡി.പി ഡയറക്ടർ ബോര്‍ഡ് യോഗം സോണിയാ ഗാന്ധിക്ക് പരാതി കൊടുക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. ആ യോഗത്തിനുമുൻപ് തന്നെ മന്ത്രി കെ. ബാബുവിന്റെ ഇടപെടലുകൾ വിജയം കണ്ടിരുന്നു.

 

സ്ഥാനങ്ങൾ ലഭിച്ചവരില്‍ ഏറെയും വെള്ളാപ്പള്ളി പറഞ്ഞാല്‍ രാജി സമർപ്പിക്കാൻ സാധ്യത കുറവാണ് എന്നതും എസ്.എൻ.ഡി.പിയുടെ തീരുമാനത്തെ സ്വാധീനിച്ചു. ഇക്കാര്യം വ്യക്തമായി അറിയാവുന്നതിനാലാണ് ആത്മാഭിമാനമുണ്ടെങ്കില്‍ സ്ഥാനങ്ങൾ രാജിവെയ്ക്കാൻ വെള്ളാപ്പള്ളിയെ എ.എ ഷുക്കൂർ വെല്ലുവിളിച്ചത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അറിവോടെ തന്നെയാണ് താനും ആലപ്പുഴ ഡി.സി.സിയും പരസ്യമായി ഈ നിലപാട് സ്വീകരിക്കുന്നതെന്നു വ്യക്താമാക്കുക കൂടി ചെയ്യുകയായിരുന്നു ഷുക്കൂർ.

 

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രി ബാബുവിനെ ദൂതനായി അയച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡിലെ എൻ.എസ്സ്.എസ്സ് അംഗം മധുസൂദനൻപിള്ള രാജി സമർപ്പിച്ചിട്ടും തുഷാർ വെള്ളാപ്പള്ളി രാജി വച്ചിരുന്നില്ല. രാജിവയ്ക്കാൻ മധുസൂദനൻ പിള്ള തുഷാറിനോട് ആവശ്യപ്പെട്ടപ്പോൾ താൻ രാജിക്കത്ത് തന്റെ അച്ഛന്റെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറയുകയുണ്ടായത്രെ. ഇത് ജി.സുകുമാരൻ നായരെ ചൊടിപ്പിച്ചതിന്റെ  പശ്ചാത്തലത്തിലാണ് തുഷാർ രാജിവെച്ചത്. എസ്.എൻ.ഡി.പിയുടെ ഭാഗത്തുനിന്ന്‍ തുഷാർ മാത്രമേ രാജിവെച്ചിട്ടുള്ളു. ഇനി രാജി ഉണ്ടാവുകയുമില്ലെന്നാണറിയുന്നത്. ഈ സന്ദർഭത്തിലാണ് എസ്.എൻ.ഡി.പിക്ക് സ്‌കൂളുകൾ അനുവദിക്കപ്പെട്ടതും.

 

ഇപ്പോഴത്തെ സാഹചര്യത്തില്‍ എൻ.എസ്സ്.എസ്സ്  ആരോപിച്ച ന്യൂനപക്ഷ മേധാവിത്വവും പ്രീണനവും  പഴയ രീതിയില്‍ ഉന്നയിക്കാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ ജി. സുകുമാരൻ നായർ. പൊതു സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന വിധമാണ് ന്യൂനപക്ഷാധിപത്യത്തെ എൻ.എസ്സ്.എസ്സ് ഉയർത്തിക്കൊണ്ടുവന്നത്. അതിന്റെ തുടർച്ചയായിട്ടാണ് നായരീഴവ ഐക്യത്തിന് രൂപം നല്കപ്പെട്ടതും. വെള്ളാപ്പള്ളിയുടെ നിലപാടു നിമിത്തം ആ  രാഷ്ട്രീയ അനുകൂല സാഹചര്യം നഷ്ടപ്പെട്ടുവെന്ന് എൻ.എസ്സ്.എസ്സ് കണക്കുകൂട്ടുന്നു. എൻ.എസ്സ്.എസ്സും സർക്കാരുമായുള്ള ബന്ധം വേർപെടുകയും എസ്.എൻ.ഡി.പി കൂടുതല്‍ അടുക്കുകയും ചെയ്തു.

Tags: