കേരളമുഖ്യനാകാൻ അണിയറയില്‍ കാല്‍ ഡസനിലേറപ്പേർ

Glint News Service
Sun, 30-06-2013 12:59:00 PM ;
തിരുവനന്തപുരം

സംസ്ഥാനരാഷ്ട്രീയത്തില്‍ സോളാര്‍ തട്ടിപ്പുകേസ് സൃഷ്ടിച്ച പുകമറയ്ക്കുള്ളില്‍ മുഖ്യമന്ത്രിമോഹവുമായി കാല്‍ ഡസൻ പേർ അണിയറയില്‍ സക്രിയമായിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പരസ്യമായിത്തന്നെ നിലപാടെടുത്തുകൊണ്ട് വിശാല ഐ വിഭാഗവും പരോക്ഷമായി മുഖ്യമന്ത്രിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പും രംഗത്തെത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ അധികനാൾ ഉമ്മൻചാണ്ടിക്ക് അധികാരത്തില്‍ തുടരാനാവില്ല എന്ന കണക്കുകൂട്ടലിലാണ് അണിയറ ശ്രമങ്ങൾ ഉഷാറായിരിക്കുന്നത്. കേന്ദ്രമന്ത്രി വയലാർ രവിയാണ് അണിയറനീക്കങ്ങളില്‍ മുന്നിലെത്തിയിരിക്കുന്നതെന്നറിയുന്നു. അദ്ദേഹത്തിനുവേണ്ടി  രംഗത്തുവരാതെ എസ്.എൻ.ഡി.പി. യൂണിയൻ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശക്തമായ നീക്കങ്ങൾ നടത്തിവരികയാണ്.

 

പ്രവചനാതീതമായ സാഹചര്യത്തില്‍ തെളിഞ്ഞു വന്നേക്കാവുന്ന സാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ട് മുഖ്യമന്ത്രിസ്ഥാനം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് മന്ത്രി കെ.എം.മാണി. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരേയും പ്രതിരോധത്തിലാക്കിക്കൊണ്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വാചാലനായി രംഗത്തെത്തിയിരിക്കുന്നത്. ഇടതുമുന്നണിയുടെ നീക്കങ്ങളില്‍ പ്രതീക്ഷയർപ്പിച്ചാണ് ആ നീക്കങ്ങൾ. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതനാന്ദനും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ് മാണിയുടെ മുഖ്യമന്ത്രി സ്വപ്നങ്ങളുടെ ചിറകുകൾ മുളപ്പിക്കുന്നത്. ഇടതുമുന്നണിയില്‍ ഇത്തരത്തിലൊരു പ്രതിസന്ധിയില്ലായിരുന്നുവെങ്കില്‍ എപ്പോഴേ ഐക്യജനാധിപത്യമുന്നണി മന്ത്രിസഭ നിലംപതിക്കുമായിരുന്നു. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പും സി.പി.ഐ.എമ്മിന്റെ ഗതികേടും തനിക്ക് അനുകൂലമാകുമെന്നാണ് മാണിയുടെ കണക്കുകൂട്ടല്‍. സി.പി.ഐ.എമ്മിന് ലോക്സഭയില്‍ സാന്നിധ്യമുറപ്പിക്കണമെങ്കില്‍ കേരളത്തിലെ സീറ്റുകൾ നിർണ്ണായകമാണ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഏതു രാഷ്ട്രീയനീക്കത്തിനും മുതിരുന്നത് ഈ മുൻഗണന മുന്നില്‍ നിർത്തിക്കൊണ്ടായിരിക്കും. അത്തരമൊരു സാഹചര്യം വന്നാല്‍ എൻ.എസ്സ്.എസ്സ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പിന്തുണയും മാണി പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലീം ലീഗിനെ അപ്രസക്തമാക്കുക എന്നതാണ് സുകുമാരൻ നായരുടെ മുഖ്യ അജണ്ടകളിലൊന്ന്‍.

 

പരസ്യമായി സുകുമാരൻ നായർ രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിലപാടെടുക്കുന്നുണ്ടെങ്കിലും യഥാർഥ അവസ്ഥ നേർ വിപരീതമാണ്. രമേശ് മുഖ്യമന്ത്രിയായി കാണാൻ അതിയായി ആഗ്രഹിക്കുന്ന ആളാണ് സുകുമാരൻ നായർ. ഇപ്പോഴുണ്ടായിരിക്കുന്ന കെ. മുരളീധരൻ - രമേശ് ചെന്നിത്തല കൂട്ടുകെട്ടും സുകുമാരൻ നായരുടെ ഇടപെടലിനെത്തുടർന്നുണ്ടായ മാറ്റമാണ്. ആ നിലയ്ക്ക് അദ്ദേഹവും രമേശിന്റെ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാല്‍ അത്രകണ്ട് വിജയിക്കില്ലെന്ന് സുകുമാരൻ നായർക്കും രമേശിനും നന്നായി അറിയാം. രമേശിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തിന്, അതുവഴി മന്ത്രിസഭാപ്രവേശനത്തിന് ഉമ്മൻചാണ്ടിയുടെ വലംകൈയ്യായി നിന്ന്‍ തടസ്സം സൃഷ്ടിച്ചത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമാണെന്ന്‍ രമേശിനറിയാം. ആ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് വച്ചുതന്നെ ശനിയാഴ്ച സി.കെ.ഗോവിന്ദൻ നായർ അനുസ്മരണച്ചടങ്ങില്‍ അളന്നു തൂക്കി രമേശ് ലീഗിനെതിരെ തുറന്നടിച്ചത്. ഇതുവരെ അവിടെപ്പറഞ്ഞത് അദ്ദേഹം നിഷേധിച്ചിട്ടുമില്ല. ആ പ്രസംഗം ടെലിവിഷനില്‍ കണ്ട് കുഞ്ഞാലിക്കുട്ടി രമേശിനെ ഫോണില്‍ ബന്ധപ്പെട്ടതിനു ശേഷം രമേശ് മാധ്യമങ്ങളെക്കണ്ടപ്പോൾ പറഞ്ഞത് ലീഗ് ഐക്യ ജനാധിപത്യ മുന്നണിയുടെ ഘടകമാണെന്നാണ്. ലീഗിന്റെ ഈ നിലപാട് തുടരുന്നിടത്തോളം കാലം തനിക്ക് മുഖ്യമന്ത്രിയാവാനുള്ള സാധ്യത വിദൂരമാണെന്നുളള അറിവിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രമേശ് കോഴിക്കോട്ടെ പ്രസ്താവന നടത്തിയത്.

 

സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും ചേർന്നുണ്ടാക്കിയ നായരീഴവ ഐക്യം കമിഴ്ന്ന് വീണ് ഇഴയുന്നതിന് മുൻപേ പൊലിഞ്ഞുപോയി. ലീഗിനെ ഏതു വിധേനയും അപ്രസക്തമാക്കി നിർവീര്യമാക്കാനുള്ള ശ്രമങ്ങളില്‍ സുകുമാരൻ നായർ ഏർപ്പെട്ടിരിക്കുമ്പോൾ വെള്ളാപ്പള്ളി ലീഗ് നേതൃത്വവുമായി നിരന്തര ബന്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളിലൂടെയും കുഞ്ഞാലിക്കുട്ടിയിലൂടെയും ലീഗിനെ വയലാർ രവിക്കുവേണ്ടി അനുകൂലമാക്കിയെടുക്കുന്നതിനുള്ള ചുമതല വെള്ളാപ്പള്ളി നടത്തിവരികയാണെന്നാണറിവ്.

 

മുൻപ് കെ. കരുണാകരനേയും പിന്നീട് എ.കെ. ആന്റണിയേയും മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കിവിടുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ഉമ്മൻചാണ്ടിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന്‍ സമാനമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മൻചാണ്ടി അകപ്പെട്ടിരിക്കുന്നത്. നിശബ്ദമെങ്കിലും വളരെ ശക്തമാണ് ഇതെല്ലാം ‘മുകളിലെ’ എ.കെ. ആന്റണിയുടെ സാന്നിധ്യം. സശ്രദ്ധം അദ്ദേഹം ഇവിടെ നടക്കുന്ന ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ് എവിടെ എപ്പോൾ എങ്ങിനെ രംഗപ്രവേശം ചെയ്യണമെന്ന അറിവാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർലിമെന്റിലെ അംഗസംഖ്യ കൂട്ടുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നതിനും മറ്റും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത് ആന്റണിയെയാണ്. ആ നിലയ്ക്ക് വിചാരിച്ചാല്‍ കേരളത്തില്‍ നിന്ന്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റുകൾ ലഭ്യമാക്കാവുന്ന സാഹചര്യങ്ങൾ അദ്ദേഹം കാണുന്നുണ്ട്. പ്രത്യേകിച്ച് സി.പിഐ.എ.എമ്മിലെ ആന്തരികപ്രശ്‌നങ്ങളില്‍ വീര്യം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഇടതുമുന്നണിയുടെ അവസ്ഥയുടെ പശ്ചാത്തലത്തില്‍. അത് നേടിയെടുക്കണമെങ്കില്‍ നിലവിലുള്ള പ്രതിഛായ മാറിയേ പറ്റു. അതിന്റെ പേരില്‍ നിർണായക സമയത്ത് പരമാവധി എല്ലാം കുഴഞ്ഞുകഴിയുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.എം.സുധീരനെ നിർദേശിക്കുകയാണെങ്കില്‍ അത് നടക്കാതിരിക്കുന്ന പ്രശ്‌നമില്ല. അങ്ങിനെ വരുമ്പോൾ രണ്ട് നേട്ടങ്ങളായിരിക്കും ആന്റണി സാക്ഷാത്ക്കരിക്കുക. ഒന്ന്‍, തന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ അധികാരത്തില്‍ കൊണ്ടുവരിക. രണ്ട്, തന്നെ വേദനിപ്പിച്ച് മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കിവിട്ട ഉമ്മൻചാണ്ടിക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുക. ഒപ്പം, ലീഗിന്റെ ഇന്നത്തെ അപ്രമാദിത്വം കുറയ്ക്കാൻ കഴിയുമെന്നും ആന്റണി കണക്കുകൂട്ടിയാല്‍ സ്വാഭാവികം. ഇവ്വിധത്തില്‍ ആന്റണി കാണുന്ന സ്വപനങ്ങൾ എല്ലാം നടപ്പില്‍ വരുത്തിയിട്ടുള്ള ചരിത്രമാണ് അദ്ദേഹത്തിന്റേത്.        

Tags: