വിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി: ശ്രീശാന്ത്

Sat, 14-09-2013 10:40:00 AM ;
ന്യൂഡല്‍ഹി

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് മലയാളി താരം ശ്രീശാന്ത്. എന്നാല്‍ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കുമെന്നാണ് സൂചന. വിലക്കിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്ത്‌ അഭിഭാഷകന്‍ മുഖേന ബി.സി.സി.ഐക്ക്‌ കത്തു നല്‍കിയേക്കും.

 

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ബി.സി.സി.ഐ തന്നെ ഒരിക്കല്‍ പോലും പിന്തുണച്ചിട്ടില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. എന്നാല്‍ നിലവിലുള്ള പ്രതിസന്ധി തരണം ചെയ്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ പരമാവധി ശ്രമിക്കുമെന്നും ശ്രീശാന്ത് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

ശ്രീശാന്തിനെക്കൂടാതെ അങ്കിത് ചവാനും ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ ബി.സി.സി.ഐ അച്ചടക്ക സമിതി ശുപാർശ ചെയ്തു. മുൻ രാജസ്ഥാൻ റോയൽസ് താരമായ അമിത് സിംഗിനെ അഞ്ചു വർഷത്തേക്കും സിദ്ധാർത്ഥ് ത്രിവേദിയെ ഒരു വർഷത്തേക്കും വിലക്കിയിട്ടുണ്ട്. ആരോപണ വിധേയനായ അജിത്‌ ചാന്ദില്ലക്കെതിരായ നടപടി ബി.സി.സി.ഐ നീട്ടിവച്ചിരിക്കുകയാണ്.

 

ബി.സി.സി.ഐ ആന്റി കറപ്ഷൻ യൂണിറ്റ് തലവൻ രവി സവാനി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അരുൺ ജയ്‌റ്റ്‌ലി, നിരഞ്ജൻ ഷാ എന്നിവരടങ്ങിയ അച്ചടക്ക സമിതി വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയ താരങ്ങള്‍ക്ക് ഔദ്യോഗിക ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ബി.സി.സി.ഐയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പ്രവേശനം ഉണ്ടായിരിക്കുകയുമില്ല.

 

എന്നാല്‍ ശ്രീശാന്തിനെയും താരങ്ങളെയും വിലക്കിയ ബി.സി.സി.ഐ നടപടി ശരിയായില്ലെന്ന വാദവും ഉയരുന്നുണ്ട്. ശ്രീശാന്ത് അച്ചടക്ക സമിതിക്ക് മുന്‍പാകെ രേഖാമൂലം തനിക്കു പറയാനുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് ബി.സി.സി.ഐ നടപടി സ്വീകരിച്ചതെന്നാണ് വാദം. ഐ.പി.എല്‍ മത്സരത്തില്‍ ഒത്തുകളിച്ചതിനാണ് ശ്രീശാന്തുള്‍പ്പടെയുള്ള താരങ്ങളെ മെയ്‌ 16-നു ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Tags: