കടല്‍ക്കൊല: അന്വേഷണം വഴിമുട്ടിയതായി കേന്ദ്രം

Tue, 17-09-2013 04:02:00 PM ;
ന്യൂഡല്‍ഹി

കേരളതീരത്ത് രണ്ട് മുക്കുവരെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ ഇറ്റലിയില്‍ കഴിയുന്ന നാല് സൈനികര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

 

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രത്യേക കോടതിയില്‍ ദിവസവും വിചാരണ നടത്തി എത്രയും പെട്ടെന്ന് വിധി പുറപ്പെടുവിക്കണമെന്ന് അന്വേഷണം കേന്ദ്രത്തിനു കൈമാറി മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ നാലിന് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു അഞ്ചുമാസം കഴിയുമ്പോഴും എന്‍.ഐ.എയുടെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍  നിന്ന് അനുകൂലമല്ലാത്ത പരാമര്‍ശം മുന്നില്‍ക്കണ്ടു കൂടിയാണ് കേന്ദ്രനീക്കം.

 

2012 ഫെബ്രുവരി 15-ന് എന്റിക ലെക്സി എന്ന കപ്പലില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന മസ്സിമിലിയാണോ ലതോരെ, സാല്‍വതോരെ ഗിരോണ്‍ എന്നിവര്‍ നടത്തിയ വെടിവെപ്പില്‍ അജീഷ് പിങ്കി, ജെലസ്ടിന്‍ എന്നീ മുക്കുവര്‍ കൊല്ലപ്പെട്ടെന്ന കേസില്‍ കപ്പലില്‍ ഉണ്ടായിരുന്ന നാല് സൈനികര്‍ ഇന്ത്യയിലെത്തി മൊഴി നല്‍കണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. എന്നാല്‍, ഇന്ത്യയിലേക്ക് വരാന്‍ നാവികര്‍ വിസമ്മതിച്ചിരിക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയോ ഇറ്റലിയില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ മുന്നിലോ എഴുതി നല്‍കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായോ മൊഴി നല്‍കാമെന്നാണ് സൈനികരുടെ നിലപാട്.

Tags: