മലയാളം-ശ്രേഷ്ഠഭാഷാദിനമായി കേരളപ്പിറവി

Fri, 01-11-2013 11:47:00 AM ;
തിരുവനന്തപുരം

Sreshta bhasha Malayalam

 

കേരളപ്പിറവി ദിനമായ ഇന്ന് (നവംബര്‍ ഒന്ന്) മലയാളം-ശ്രേഷ്ഠഭാഷാദിനമായി ആചരിക്കുന്നു. ഔദ്യോഗിക ഭാഷാവകുപ്പ്, സാംസ്‌കാരിക വകുപ്പ്, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, സി-ഡാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആചരണം. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടിഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.

 

ചടങ്ങില്‍  പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, അടൂര്‍ഗോപാലകൃഷ്ണന്‍, കാവാലം നാരായണപണിക്കര്‍ എന്നിവരെ ആദരിച്ചു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്, കേന്ദ്രമന്ത്രി ഡോ.ശശി തരൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 

കേരളപ്പിറവിയുടെ 57-ാം പിറന്നാള്‍ നിയമസഭയും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെ വികാസ പരിണാമങ്ങളെ സംബന്ധിച്ചും ഭരണഭാഷ മലയാളം ആക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ സംബന്ധിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെയും രേഖകളുടെയും പ്രദര്‍ശനം നിയമസഭാ ലൈബ്രറിയില്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നു മുതല്‍ 7 വരെയാണ് പ്രദര്‍ശനം. നിയമ നിര്‍മ്മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷ വേളയുടെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'പാര്‍ലമെന്ററി പാഠശാല'യുടെ ഉദ്ഘാടനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്ന്‍ നിര്‍വ്വഹിക്കും.

 

കേരള സാഹിത്യ അക്കാദമി ഓണ്‍ലൈന്‍ ലൈബ്രറിയുടെ ഉദ്ഘാടനവും ഇന്ന്‍ നടക്കും. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ലൈബ്രറിയില്‍ നിന്ന്‍ ഡിജിറ്റല്‍ രൂപത്തില്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പൂര്‍ണ്ണമായും മലയാളത്തില്‍ അച്ചടിച്ച ആദ്യ ഗ്രന്ഥമായ 'സംക്ഷേപവേദാര്‍ത്ഥം' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ശേഖരത്തിലുണ്ട്.

Tags: