പീതാംബരക്കുറുപ്പ് എം.പി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി ശ്വേത മേനോന്‍

Sat, 02-11-2013 01:25:00 PM ;
കൊല്ലം

swetha menon and peethambara kurup കൊ​ല്ലത്ത്​ ​പ്ര​സി​ഡ​ന്റ്‌സ് ​ട്രോ​ഫി​ ​ജ​ല​മേ​ള​ ​ഉ​ദ്ഘാ​ട​നത്തിനെത്തിയ തന്നെ കൊല്ലം എം.പി എന്‍. പീതാംബര കുറുപ്പ് കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി ന​ടി​ ​ശ്വേതാ ​മേനോന്‍. എന്നാല്‍, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അസത്യമെന്ന് പീതാംബര കുറുപ്പ്. പരാതി നല്‍കിയാല്‍  നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് ശ്വേത അറിയിച്ചു.

 

നവംബര്‍ ഒന്നിന് നടന്ന പരിപാടിക്കിടെ കൊല്ലത്തെ പ്രമുഖ നേതാവായ ജനപ്രതിനിധി തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി ശ്വേതാ മോനോൻ കളക്ടറോട് പരാതി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. പീതാംബരക്കുറുപ്പാണ് ഈ ജനപ്രതിനിധിയെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ശ്വേത വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍, ശ്വേത പരാതി പറഞ്ഞതായ കാര്യം ജില്ലാകളക്ടർ ബി. മോഹനന്‍ നിഷേധിച്ചിട്ടുണ്ട്. കളക്ടറുടെ നിലപാട് മാറ്റം വേദനിപ്പിച്ചതായി ശ്വേത പ്രതികരിച്ചു.

 

സംഭവത്തില്‍ തന്റെ പങ്കിനെ കുറിച്ചു വരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും കൊല്ലം പീതാംബരക്കുറുപ്പ്‌ പ്രതികരിച്ചു. സംഭവത്തില്‍ തനിക്ക്‌ വ്യക്തിപരമായി അതീവ ദുഃഖമുണ്ടെന്നും ഇതില്‍ താന്‍ വാദിയോ പ്രതിയോ അല്ലെന്നും പീതാംബരക്കുറുപ്പ്‌ പറഞ്ഞു. തെളിവുകള്‍ നിരത്തി സത്യം വെളിച്ചത്തുകൊണ്ടുവരുമെന്നും പീതാംബരക്കുറുപ്പ്‌ കൂട്ടിച്ചേര്‍ത്തു.

 

ശ്വേതാ മേനോന്‍ പരാതിനല്‍കിയാല്‍  നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി കൊല്ലം കളക്ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നും എന്നാല്‍ നീതിനിഷേധം ഉണ്ടായാല്‍ ഇടപെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമ്മീഷനംഗം ലിസി ജോസ് പറഞ്ഞു.

 

പീതാംബരക്കുറുപ്പിന്റേത്‌ നീചമായ പ്രവൃത്തിയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. നിയമം അനുശാസിക്കുന്നതു പോലെ പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റും സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ശ്വേതാ മേനോന് എല്ലാ പിന്തുണയും നൽകുമെന്നും നിയമനടപടികള്‍ക്ക് ‘അമ്മ’ മുന്‍കൈ എടുക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ജനങ്ങള്‍ക്ക്‌ വഴികാട്ടേണ്ട ജനപ്രതിനിധികള്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത്‌ ശരിയല്ലെന്നും ഇന്നസെന്റ്‌ പറഞ്ഞു.

Tags: