കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിയുന്നു

Fri, 06-12-2013 02:39:00 PM ;
തിരുവനന്തപുരം

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തലസ്ഥാന നഗരിയില്‍ തിരി തെളിയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളക്ക് കൊളുത്തി മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും. മലയാള ചലച്ചിത്ര നടി മഞ്ജു വാര്യരുടെ സാന്നിധ്യവുമുണ്ടാകും.

 

63 രാജ്യനഗളില്‍  നിന്നായി 211 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 70 വിദേശ പ്രതിനിധികളടക്കം 120 പേര്‍ അതിഥികളായെത്തുന്നു. സമാപന സമ്മേളനത്തില്‍ മലയാളി പ്രേഷകര്‍ക്ക് ഏറെ പരിചിതനായ കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കും മുഖ്യാതിഥിയായിരിക്കും. ഇസ്രായേലി സംവിധായകന്‍ അമോസ് ഗിതായിയുടെ 'അന അറേബ്യ' ഉദ്ഘാടനച്ചിത്രമാണ്.

 

ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, അമത് എസ്‌കലാന്റയുടെ ഹേലി’ എന്നിവയുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. തോമസ് വിന്റര്‍ ബര്‍ഗിന്റെ ‘ദി ഹണ്ട്’, ‘ദി ജര്‍മന്‍ ഡോക്ടര്‍’, കിങ് മോര്‍ഡന്റ് സംവിധാനം ചെയ്ത ഓസ്‌ട്രേലിയന്‍ ചിത്രം എന്നിവയും ഇത്തവണ പ്രദര്‍ശന ചിത്രങ്ങളായുണ്ട്. മേളയിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 15 ലക്ഷം രൂപയുമാണ് അവാര്‍ഡ്. നാല് ലക്ഷം രൂപയും ഫലകവുമാണ് മികച്ച സംവിധായകനുള്ള രജത ചകോരം നേടുന്ന വ്യക്തിക്ക് ലഭിക്കുക. മികച്ച നവാഗത സംവിധായകന് നാല് ലക്ഷം രൂപ അവാര്‍ഡായി ലഭിക്കും.

 

മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്ക് ജൂറി ഫിലിം ക്യൂറേറ്ററായ മാര്‍ക്ക് ഷില്ലിങ്, എഴുത്തുകാരിയായ എലിസബത്ത് ഖേര്‍, സംവിധായികയായ മോണിക്ക ബാസില്‍ എന്നിവരാണ്. പ്രസിദ്ധ നിരൂപകന്‍ ഡെറിക് മാല്‍കം, ജപ്പാനിലെ എഴുത്തുകാരനായ കൊയ്ച്ചി ഹൊജിമ, വിമര്‍ശകയായ ഋത്വാ ദത്ത എന്നിവരാണ് ഫിപ്രസി ജൂറി അംഗങ്ങള്‍.

 

മത്സരവിഭാഗത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 14 ചിത്രങ്ങളും 101 ചോദ്യങ്ങൾ, കളിയച്ഛൻ എന്നീ മലയാളസിനിമകളുമുണ്ട്.

 

അന്തരിച്ച ചലച്ചിത്രകാരന്‍ ഋതുപര്‍ണഘോഷിനെ സ്മരിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സുകുമാരി, ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, കൊന്നനാട്ട് എന്നിവരെയും സ്മരിക്കും.

Tags: