മന്ത്രിസ്ഥാനം: നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്റേതെന്ന് ചെന്നിത്തല

Tue, 31-12-2013 05:43:00 PM ;
ആലപ്പുഴ

ramesh chennithalaസംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും താന്‍ അത് അംഗീകരിക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.

 

ആലപ്പുഴയിലെ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. മന്ത്രിസ്ഥാനത്തിന് പുറകെ താനൊരിക്കലും ഓടിയിട്ടില്ലെന്നും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയുമാണ് എല്ലാക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ചകളിലാണ് മാസങ്ങളായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തില്‍ തര്‍ക്കവിഷയമായിരുന്ന മന്ത്രിസഭാ പുന:സംഘടനാ കാര്യത്തില്‍ തീരുമാനമായത്. ഇത് സംബന്ധിച്ച പ്രഖ്യാപനം കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും നടത്തുമെന്ന് ആന്റണി അറിയിച്ചിരുന്നു. ഇതിന്‍ പ്രകാരം ചെന്നിത്തലയുടെ വകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചേക്കും.  

 

ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന സൂചനകള്‍ നല്‍കി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കെ.പി.സി.സി അധ്യക്ഷ സ്ഥാനവും ചെന്നിത്തല വഹിക്കുമെന്നാണ് സൂചന. ഇത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Tags: