രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക്

Tue, 31-12-2013 11:08:00 AM ;
തിരുവനന്തപുരം

ramesh chennithalaസംസ്ഥാനത്ത് മന്ത്രിസഭാ പുന:സംഘടനയ്ക്ക് കോണ്‍ഗ്രസ് തീരുമാനം. രമേശ് ചെന്നിത്തല പുതുവത്സര ദിനത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. നിലവില്‍ വഹിക്കുന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും തല്‍ക്കാലത്തേക്ക് തുടരുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് ലഭിച്ചേക്കുമെന്നാണ് സൂചന.

 

കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ മാസങ്ങളായി സംസ്ഥാനത്ത് പാര്‍ട്ടിയില്‍ തര്‍ക്കവിഷയമായിരുന്ന പുന:സംഘടനയില്‍ തീരുമാനമായത്. കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണിയും പള്ളം രാജുവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. രമേശ്‌ ചെന്നിത്തലയുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ആന്റണി രാത്രി വൈകിയും കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും നടത്തുമെന്ന് ആന്റണി അറിയിച്ചു.

 

നിലവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടരുമെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിന് ശേഷം കെ.പി.സി.സി അധ്യക്ഷ സ്ഥാനം രമേശ്‌ ഒഴിയുമെന്നാണ് കരുതുന്നത്.

 

എന്നാല്‍, രമേശ്‌ മന്ത്രിസഭയില്‍ ചേരുകയും തിരുവഞ്ചൂര്‍ തുടരുകയും ചെയ്താല്‍ കേരള കോണ്‍ഗ്രസി (ബി) ന് ഉണ്ടായിരുന്ന മന്ത്രിസ്ഥാനം നഷ്ടമാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃയോഗം ചേരുന്നുണ്ട്. പാര്‍ട്ടിയുടെ മന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചതിനു ശേഷം പാര്‍ട്ടി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ പുതുതായി രൂപീകരിച്ച മുന്നോക്കവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി ക്യാബിനറ്റ് പദവിയോടെ നിയമിച്ചിരുന്നു. അതിനാല്‍, ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് കോണ്‍ഗ്രസിനകത്തെ തീരുമാനമെന്നറിയുന്നു.

Tags: