വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ടി.എന്‍ പ്രതാപന്‍

Sat, 04-01-2014 06:20:00 PM ;
തൃശൂര്‍

vm sudheeranരമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയതിനെ തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള സമ്മര്‍ദ്ദ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം.എല്‍.എ ടി എന്‍ പ്രതാപന്‍ എം.എല്‍.എ രംഗത്തെത്തി. പുതിയ അധ്യക്ഷന്‍ മലബാറില്‍ നിന്നുള്ള നേതാവായിരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

 

സുധീരന്റെ രാഷ്ട്രീയ പാരമ്പര്യവും മികച്ച പ്രതിഛായയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചതായി പ്രതാപന്‍ അറിയിച്ചു. വിഭാഗീയത കൂടാതെ സംഘടനയെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

മന്ത്രിസഭയില്‍ ചേര്‍ന്നതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രമേശ്‌ ചെന്നിത്തല സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുന്നത് വരെ ചെന്നിത്തല പദവിയില്‍ തുടരെട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.

 

അതേസമയം, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി.ഡി സതീശന്‍ എം.എല്.എ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags: