കേരള ബജറ്റ് ജനുവരി 24-ന്

Thu, 09-01-2014 12:01:00 PM ;
തിരുവനന്തപുരം

2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേരള ബജറ്റ് ജനുവരി 24-ന് അവതരിപ്പിക്കും. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എം മാണിയുടെ പന്ത്രണ്ടാം ബജറ്റ് അവതരണമാകും ഇത്.

 

ബജറ്റിനെ കുറിച്ചുള്ള പൊതുചര്‍ച്ച ജനുവരി 27, 28, 29 തിയതികളില്‍ നടക്കും. 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെയും 1990-91 മുതല്‍ 2009-10 വരെയുള്ള വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 30 ന് നടക്കും. ഫെബ്രുവരി മൂന്നിനാണ് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും. നാലിന് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെയും 1990-91 മുതല്‍ 2009-10 വരെയുള്ള വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ പരിഗണിക്കും. ഫെബ്രുവരി 6 ന് 2014 -ലെ കേരള ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ അവതരിപ്പിക്കും.

 

ബജറ്റ് അവതരണത്തിനായി ജനുവരി 20-ന് പുനരാംഭിക്കുന്ന നിയമസഭയുടെ പത്താം സമ്മേളനത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ബില്‍, കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ബില്‍, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ബില്‍ തുടങ്ങിയവ പരിഗണനക്കെടുക്കും.

 

ഫെബ്രുവരി 12-നാണ് സമ്മേളനം സമാപിക്കുക.

Tags: