കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടുന്നു

Sun, 19-01-2014 11:55:00 AM ;
ഇറ്റലി

Italian marinersകടല്‍ക്കൊല  കേസില്‍ ഇറ്റലി രാജ്യാന്തര സഹായം തേടുന്നു.  ഇന്ത്യയില്‍ വിചാരണ വൈകുന്ന സാഹചര്യത്തിലാണ് വിഷയം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്ന് ഇറ്റലി പ്രധാനമന്ത്രി എന്റിക്കോ ലെറ്റ പറഞ്ഞു. 

 

നാവികര്‍ക്കെതിരെ വധശിക്ഷ നല്‍കുന്ന കുറ്റം ചുമത്തില്ലെന്ന ഉറപ്പ് ഇന്ത്യ  പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാവികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇറ്റാലിയന്‍ പാര്‍ലമെന്‍ററി സംഘം ഉടന്‍  ഇന്ത്യയിലെത്തും.

 

2012 ഫെബ്രുവരിയിലാണ് കേരള തീരത്തു നിന്ന് 20.5 നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്ന എം.ടി എന്‍റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരായ ലത്തോറ മാസിമിലാനോ, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇരുവരും ഇപ്പോള്‍ ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയിലാണ്.

 
കടല്‍ക്കൊല കേസില്‍ കുറ്റപത്രം വൈകുന്നതിനാല്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന് ഇറ്റലി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ നീളുന്ന സാഹചര്യത്തില്‍ നാവികരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇറ്റലിയുടെ പുതിയ നീക്കം.

Tags: