വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷന്‍

Mon, 10-02-2014 12:21:00 PM ;
ന്യൂഡല്‍ഹി

vm sudheeranകേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അധ്യക്ഷനായി വി.എം സുധീരനെ പ്രഖ്യാപിച്ചു. വി.ഡി സതീശനെ ഉപാധ്യക്ഷനായും തീരുമാനിച്ചു. കെ.പി.സി.സി അധ്യക്ഷനായ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്നത്. പി.സി.സിയിലെ മറ്റ് സ്ഥാനങ്ങളില്‍ നിലവിലെ ഭാരവാഹികള്‍ തുടരും.

 

കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹിയില്‍ എത്തി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വവുമായി വി.എം സുധീരന്‍ ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് സുധീരന്‍ പ്രതികരിച്ചിരിക്കുന്നു. നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും എം.എല്‍.എയും കൂടിയായ വി.ഡി സതീശനെ പാര്‍ട്ടിയിലെ യുവതലമുറയുടെ പ്രതിനിധി എന്ന നിലയിലാണ് ഉപാധ്യക്ഷനായി നിയമിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം അറിയിക്കുന്നു.

 

സ്പീക്കര്‍ ജി.കാര്‍ത്തികേയനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പുതിയ അധ്യക്ഷനായി നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കിയിരുന്നത് സുധീരനേയും സതീശനേയുമായിരുന്നു.

Tags: