അഞ്ചു കോണ്‍ഗ്രസ് എം.പിമാര്‍ക്ക്‌ സീറ്റ് നഷ്ടമാകാന്‍ സാധ്യത

Fri, 14-02-2014 02:17:00 PM ;
കൊച്ചി

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഞ്ചു സിറ്റിംഗ് എം.പിമാര്‍ക്ക്‌ സീറ്റ് നഷ്ടമാകുമെന്ന് സൂചന. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ് പട്ടിക തയ്യാറാക്കിക്കഴിഞ്ഞു എന്നാണറിയുന്നത്. സോണിയ ഗാന്ധിയുടെ ശനിയാഴ്ചയിലെ പ്രചാരണ സമ്മേളനം കഴിഞ്ഞാലുടന്‍ പട്ടികയുടെ പ്രഖ്യാപനം ഉണ്ടായേക്കും. ഏകപക്ഷീയമായ ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷ നിയമനത്തില്‍ പരസ്യ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിട്ടുള്ളത്.

 

ജനസമ്മതി, ജയസാധ്യത, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം എന്നീ ഘടകങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷനായി വി.എം സുധീരനെയും ഉപാധ്യക്ഷനായി വി.ഡി.സതീശനേയും ഹൈക്കമാന്‍ഡ് എ.കെ ആന്റണിയുടെ അറിവോടെ നിയമിച്ചതും സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്.

 

മുഖ്യമന്ത്രിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങളെ അവഗണിക്കുക മാത്രമല്ല, മുഖ്യമന്ത്രിയെ കെ.പി.സി.സി അധ്യക്ഷ നിയമനം മുന്‍കൂട്ടി അറിയിക്കുക കൂടി ഹൈക്കമാന്‍ഡ് ചെയ്തില്ല. ഈ സ്ഥിതി ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടാകാതിരിക്കാനാണ് ഉമ്മന്‍ ചാണ്ടി ഫലത്തില്‍ കെ.പി.സി.സി അധ്യക്ഷനെ ബഹിഷ്കരിക്കുന്നതിന് സമാനമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതി കൊച്ചിയിലെത്തുന്ന എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയോട് ഉമ്മന്‍ ചാണ്ടി നേരിട്ടറിയിക്കുമെന്നാണ് സൂചന.

 

എന്നാല്‍, ഹൈക്കമാന്‍ഡ് വിജയസാധ്യത മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത് എന്നതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ പരാതിക്ക് വലിയ പ്രസക്തിയുണ്ടാകും എന്ന് തോന്നുന്നില്ല. സോളാര്‍ കേസില്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായ നഷ്ടപ്പെട്ടതില്‍ മുഖ്യമന്ത്രിക്ക് മുഖ്യ പങ്കുണ്ടെന്നുള്ളതാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആ പശ്ചാത്തലത്തില്‍ പ്രതിച്ഛായ വീണ്ടെടുക്കല്‍ നടപടിയുടെ ഭാഗമായാണ് അഴിമതി രഹിത പ്രതിച്ഛായയുള്ള സുധീരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷനാക്കിയത്. ഇത് നിലവിലുണ്ടായിരുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും ഉമ്മന്‍ചാണ്ടിയെയും കൂടുതല്‍ ദുര്‍ബലമാക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പിനൊരുങ്ങിക്കഴിഞ്ഞ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരാര്‍ജിത ഊര്‍ജത്തെ നിര്‍വീര്യമാക്കരുതെന്ന് ഹൈക്കമാന്‍ഡ് ഇതിനകം ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദ്ദേശത്തില്‍ പൊതിഞ്ഞ താക്കീതും നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു.

 

രാഹുല്‍ ഗാന്ധിയുടെ കിച്ചന്‍ കാബിനെറ്റില്‍ ഉണ്ടെന്നറിയുന്ന ഷാനിമോള്‍ ഉസ്മാനോട്‌ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായി കേള്‍ക്കുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് ഷാനിമോള്‍ക്ക് താല്‍പ്പര്യം. എന്നാല്‍ ആലപ്പുഴയിലേക്കും ഷാനിമോളെ പരിഗണിക്കുന്നുണ്ട്.

 

സര്‍വേയുടെ അടിസ്ഥാനത്തില്‍ കൊല്ലം നിയോജകമണ്ഡലത്തില്‍ നിന്ന്നാട്ടുകാരനും കൂടിയായ പി.സി വിഷ്ണുനാഥ് എം.എല്‍.എ യെ മത്സരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വിഷ്ണുനാഥിന്റെ ഒഴിവില്‍ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഉപതിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നഷ്ടമാകാന്‍ ഇടയായാല്‍ അത് സംസ്ഥാന മന്ത്രിസഭയുടെ നിലനില്‍പ്പിനെ ബാധിക്കാനിടയാക്കും. അതിനാല്‍ വിഷ്ണുനാഥിനെ കൊല്ലത്തുനിന്നും മത്സരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയിട്ടുണ്ടെന്നും അറിയുന്നു.

Tags: