അഭയക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Wed, 19-03-2014 02:08:00 PM ;
കൊച്ചി

അഭയ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണവും ആരോപണ വിധേയരായ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനാണ് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിള്‍ ഉള്‍പ്പെടെയുള്ള ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണമുണ്ടാകും.

 

 

കേസിലെ പ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.കെ ബാലന്‍റെ ഉത്തരവ്. അഭയ കേസില്‍ ആദ്യം അന്വേഷണം നടത്തിയത് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആയിരുന്നു. പിന്നീട് കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

 

1992 മാര്‍ച്ച് 27-ന് പുലര്‍ച്ചെയാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്. ബി.സി.എം കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അഭയയുടെ ജഡം കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള കിണറ്റിലാണ് കണ്ടെത്തിയത്.

Tags: