സുനന്ദ പുഷ്കറിന്റെ മരണം അധിക മരുന്നുപയോഗം മൂലമാകാമെന്ന് റിപ്പോര്‍ട്ട്

Sun, 23-03-2014 05:43:00 PM ;
ന്യൂഡല്‍ഹി

sunanda pushkarകേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അധിക മരുന്നുപയോഗം മൂലമാകാമെന്ന് ആന്തരികാവയ പരിശോധനാ ഫലം സൂചിപ്പിക്കുന്നതായി ഡെല്‍ഹി പോലീസ്. എന്നാല്‍, റിപ്പോര്‍ട്ടിലെ നിഗമങ്ങള്‍ അപൂര്‍ണ്ണമാണെന്നും കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പോലീസ് അറിയിച്ചു. ജനുവരി 17-നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

 

കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലബോറട്ടറി (സി.എഫ്.എസ്.എല്‍)യുടെ റിപ്പോര്‍ട്ട് വിഷം ഉള്ളില്‍ ചെന്നിട്ടല്ല മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുന്നതായി പോലീസ് പറയുന്നു. പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരുമായി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഭാവി നടപടികള്‍ തീരുമാനിക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

 

വെള്ളിയാഴ്ചയാണ് സി.എഫ്.എസ്.എല്‍ റിപ്പോര്‍ട്ട് ഡെല്‍ഹി പോലീസിന് കൈമാറിയത്. മരണം ‘പെട്ടെന്നുള്ളതും അസ്വാഭാവികവു’മാണെന്ന പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ തുടര്‍ന്ന്‍ കൊലപാതകത്തിന്റേയും ആത്മഹത്യയുടേയും സാധ്യതകള്‍ പരിശോധിക്കാന്‍ ഡെല്‍ഹി പോലീസിനോട് ജനുവരി 21-ന് സബ്‌ ഡിവിഷണല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു.

Tags: