സൂര്യനെല്ലി: വിചാരണക്കോടതിയുടെ വിധി ശരിവെച്ചു; 23 പ്രതികള്‍ക്ക് തടവ്

Fri, 04-04-2014 11:54:00 AM ;
കൊച്ചി

violence against women

 

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കേസില്‍ കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി തള്ളി അപ്പീൽ വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുഖ്യപ്രതി ധർമ്മരാജന്റെ ജീവപര്യന്തം ശിക്ഷയും 23 പ്രതികള്‍ക്ക് നാല് വര്‍ഷം മുതല്‍ 13 വര്‍ഷം വരെയുള്ള തടവുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചിരിക്കുന്നത്. ഏഴ് പ്രതികളെ വെറുതെവിട്ടു.

 

സൂര്യനെല്ലി പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍ മാത്രമുള്ള മറ്റൊരു കേസില്‍ ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറയ്ക്കുകയും ചെയ്ത മുമ്പത്തെ വിധിയാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുത്തിയത്.

 

മുന്‍ വിധിയിലെ വിവാദമായ ചില പരാമര്‍ശങ്ങളും പുതിയ വിധിയില്‍ തിരുത്തിയിട്ടുണ്ട്. സൂര്യനെല്ലി പെൺകുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടേത് ബാല്യവേശ്യാവൃത്തിയാണ് എന്ന്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു.

 

1996-ലാണ് കേസിനാസ്പപദമായ സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജനവരി 16 മുതല്‍ 40 ദിവസം തുടര്‍ച്ചയായി നാല്പത്തിയഞ്ചോളംപേര്‍ പല സ്ഥലങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 

Tags: