എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെക്കില്ല: പ്രകാശ് കാരാട്ട്

Sun, 22-06-2014 03:31:00 PM ;
തിരുവനന്തപുരം

 

എം.എ ബേബി എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് സി.പി.ഐ.എം ജനറൽ​ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജിവയ്ക്കേണ്ടെന്ന പോളിറ്റ്ബ്യൂറോ യോഗത്തിന്റേയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും തീരുമാനം ബേബി അംഗീകരിച്ചതായി ഇന്നു ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പ്രകാശ് കാരാട്ട് അറിയിച്ചു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മത്സരിച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തോല്‍വിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ബേബി പാർട്ടിയുടെ അനുമതി തേടിയത്. എന്നാൽ പോളിറ്റ്ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും ബേബിയുടെ രാജി ആവശ്യം തള്ളി. രാജി നിലപാടിൽ ഉറച്ചു നിൽക്കെ ബേബി നിയമസഭാ നടപടികളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. ഇത് വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.

 

തെര‍ഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ എം.എൽ.എമാർ രാജി വയ്ക്കുന്ന കീഴ്‌വഴക്കം പാർട്ടിയിലില്ലെന്നും ബേബിയെ രാജി വയ്ക്കാൻ അനുവദിക്കുന്നതിലൂടെ അത്തരമൊരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട് പറ‍ഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമായിരുന്നുവെന്നും മറ്റു സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കാനായില്ലെന്നും വീഴ്ച പറ്റിയത് എവിടെയാണെന്ന് പരിശോധിക്കുമെന്നും പ്രകാശ്‌ കാരാട്ട് പറഞ്ഞു.

Tags: