കോണ്‍ഗ്രസിലെ പ്രശ്നം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് ആന്റണി

Wed, 27-08-2014 12:09:00 PM ;
തിരുവനന്തപുരം

ak antonyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി ബുധനാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന്‍ പ്രശ്നങ്ങളില്‍ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി എ.കെ.ആന്റണിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതുപോലെ ഒന്നും തന്നെ കോണ്‍ഗ്രസിനുള്ളില്‍ ഇല്ലെന്നും ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും ആന്റണി വാര്‍ത്താലേഖകരോട് പ്രതികരിച്ചു.

 

മദ്യനയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ കൂടിക്കാഴ്ച. വിഷയത്തില്‍ സുധീരന്റെ പല നിലപാടുകളും സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതും മുഖ്യമന്ത്രി മദ്യലോബിക്ക് കൂട്ടു നിൽക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതുമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കള്‍ ആരോപിച്ചിരുന്നു. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗവും സുധീരന്റെ നിലപാടുകളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

 

അതേസമയം, എല്ലായിടത്തുമുള്ളത് പോലെ അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിലുണ്ടെന്നും അതെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ താന്‍ എത്തിയാല്‍ മുഖ്യമന്ത്രിയേയും കെ.പി.സി.സി അദ്ധ്യക്ഷനേയും കാണുന്നത് പതിവാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച് ആന്റണി പ്രതികരിച്ചു. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രതികരണത്തിന് തയ്യാറായില്ല.

Tags: