കാലവര്‍ഷ മഴ ഒന്‍പത് ശതമാനം അധികം

Mon, 15-09-2014 06:17:00 PM ;
തിരുവനന്തപുരം

rain in thiruvananthapuram

 

മഴ ഇത്തവണ കുറയാന്‍ സാധ്യതയുണ്ടെന്ന പ്രവചനങ്ങള്‍ കാലവര്‍ഷം തെറ്റിച്ചു.  തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ സെപ്തംബര്‍ പത്ത് വരെ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിലും ഒന്‍പത് ശതമാനം അധികം മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്തംബര്‍ 30 വരെ ലഭിക്കേണ്ട മഴ ഇതിനകം ലഭിച്ചുകഴിഞ്ഞു.

 

പ്രവചനം ശരിയായേക്കാമെന്ന രീതില്‍ ജൂണ്‍ ആറോടെ വൈകിയും മന്ദഗതിയിലും കേരളത്തില്‍ പ്രവേശിച്ച മണ്‍സൂണ്‍ കഴിഞ്ഞ ഒരു മാസത്തില്‍ ശക്തിപ്പെടുകയായിരുന്നു. ഈ കാലയളവില്‍ സംസ്ഥാനത്തെങ്ങും വ്യാപകമായി മഴ പെയ്തു.

 

സംസ്ഥാനത്തെ പ്രധാന ജലസംഭരണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലും പത്തനംതിട്ടയിലും യഥാക്രമം 21 ശതമാനവും 16 ശതമാനവും അധികം മഴ ലഭിച്ചു. ഏറണാകുളത്തും 21 ശതമാനം അധികം മഴ ലഭിച്ചു.

 

കണ്ണൂര്‍ (പത്ത് ശതമാനം), കൊല്ലം (പത്ത്), കോട്ടയം (15), കോഴിക്കോട് (11), മലപ്പുറം (14), പാലക്കാട് (12), തിരുവനന്തപുരം (12) എന്നിവയാണ് സാധാരണയിലും അധികം മഴ ലഭിച്ച മറ്റ് ജില്ലകള്‍. ആലപ്പുഴ (നാല് ശതമാനം), കാസര്‍ഗോഡ്‌ (ഒന്‍പത്), തൃശ്ശൂര്‍ (എട്ട്), വയനാട് (രണ്ട്) എന്നീ ജില്ലകളില്‍ സാധാരണ ലഭിക്കുന്നതിലും കുറവായിരുന്നു മഴ.    

Tags: