അഭയ കേസ്: രേഖ തിരുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടു

Sat, 15-11-2014 12:31:00 PM ;
തിരുവനന്തപുരം

abhaya

 

അഭയ കേസുമായി ബന്ധപ്പെട്ട രാസപരിശോധനയുടെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസിലെ പ്രതികളായ ആര്‍, ഗീത, എം. ചിത്ര എന്നിവരെ വെള്ളിയാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. ഗീത ചീഫ് കെമിക്കല്‍ എക്സാമിനറും ചിത്ര അനലിസ്റ്റുമായിരുന്നു.

 

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ്‌ പ്രതികളെ വെറുതെ വിട്ടത്. റിപ്പോര്‍ട്ട് തിരുത്താന്‍ അത് തയ്യാറാക്കിയവര്‍ക്ക് അധികാരമുണ്ടെന്നും ഗൂഡാലോചന തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

 

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിധിയെന്നും ജോമോന്‍ പറഞ്ഞു. എന്നാല്‍, സത്യം ജയിച്ചെന്ന് ഗീതയും ചിത്രയും പ്രതികരിച്ചു. തന്റെ ഓഫീസിലെ ചിലരാണ് ഈ പരാതിയ്ക്ക് പിന്നിലെന്ന് ഗീത ആരോപിച്ചു.

 

1992-ല്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അഭയയുടെ ആന്തരിക അവയവ പരിശോധനയില്‍ പുരുഷ ബീജം കണ്ടെത്തിയെന്നായിരുന്നു ആദ്യ രാസപരിശോധനാ റിപ്പോര്‍ട്ട്. പിന്നീട് ഈ റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരുത്തല്‍ നടത്തിയെന്നതായിരുന്നു പരാതി. 2007-ലാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

Tags: