ഡീസല്‍ വാഹന നിരോധനത്തിനു ഹൈക്കോടതി സ്റ്റേ

Fri, 10-06-2016 04:09:31 PM ;

പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തു. 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ നിരോധിച്ചതു നേരത്തേ സ്റ്റേ ചെയ്തിരുന്നു.

വാദം പൂർത്തീകരിച്ച് വിധി പ്രഖ്യാപിക്കുന്നതുവരെ സമ്പൂർണ സ്റ്റേയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. ട്രൈബ്യൂണൽ വിധിക്കെതിരായ ഹർജിയില്‍ ഇടപെടാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹരിത ട്രൈബ്യൂണൽ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഡൽഹിയിൽ രണ്ടു വർഷത്തെ സാവകാശം നൽകിയാണ് നിരോധനം നടപ്പാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

കെ.എസ്.ആർ.ടി.സിയുടെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി വിധി ആശ്വാസകരമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.

 

സംസ്ഥാനത്തു പൊതുഗതാഗത, തദ്ദേശ സ്ഥാപന വാഹനങ്ങളൊഴികെ 2000 സിസിക്കു മുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്നും ജൂൺ 23 മുതൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കരുതെന്നുമാണു ട്രൈബ്യൂണൽ ഉത്തരവ്.

Tags: