കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്ന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Sat, 30-07-2016 11:52:01 AM ;

കോഴിക്കോട് ജില്ലാ കോടതിയിലും മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ഐസ്ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് സംഘത്തെ പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ചതോടെ മാദ്ധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

 

മാവോവാദി രൂപേഷിനെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാദ്ധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ജില്ലാ ജഡ്ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല.

 

ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാൻ അഭിലാഷ് തുടങ്ങിയവരെയാണ് കോടതി വളപ്പിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റിന്റെ ഒ.ബി വാനും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

നേരത്തെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

Tags: