അഭിഭാഷകര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം; കോടതികള്‍ സ്വകാര്യ സ്വത്തല്ല

Sat, 15-10-2016 12:58:38 PM ;

മാദ്ധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന്‍ തടയുന്ന ഒരു വിഭാഗം അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോടതികള്‍ രാജ്യത്തിന്റേത് ഭാഗമാണെന്നും ജുഡീഷ്യറിയ്ക്കാണ് അവിടെ അധികാരമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജഡ്ജിമാറുടെ അധികാരം അഭിഭാഷകര്‍ എടുക്കേണ്ടെന്നും അഭിഭാഷകരുടെ നിലപാട് മാദ്ധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിയമം ലംഘിക്കപ്പെടാതെ നോക്കലാണ് സര്‍ക്കാരിന്റെ ജോലിയെന്നും അതിര് വിട്ട് പോയാല്‍, അസഹനീയമായ രീതിയില്‍ വളര്‍ന്നാല്‍ നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

 

വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിയില്‍ അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവമുണ്ടായി.

 

മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും അവരെ ഇരു കൂട്ടരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ ധാരണ പൊളിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags: