'ആര്‍ദ്രം' ദൗത്യത്തിന് തുടക്കം; ചികിത്‌സാചെലവ് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Thu, 16-02-2017 08:00:23 PM ;

അതിഭീമമായി വര്‍ധിക്കുന്ന ചികിത്‌സാചെലവ് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള 'ആര്‍ദ്രം' ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

ചികിത്‌സയ്ക്ക് തോന്നിയപോലെ ചെലവ് ഈടാക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ ക്രമീകരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. കിടത്തിചികിത്‌സയിലുള്ളവര്‍ക്ക് മരുന്ന് ആശുപത്രിയില്‍തന്നെ ലഭ്യമാക്കും. തുടര്‍ചികിത്‌സ നടത്തുന്നവര്‍ക്ക് വലിയ ചെലവുള്ള മരുന്ന് വാങ്ങേണ്ടിവരുന്നുണ്ട്. അത്തരക്കാര്‍ക്ക് ഫലപ്രദമായി, ചെലവ് കുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കാനും നടപടിയുണ്ടാകും. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മരുന്നുകളേക്കാള്‍ വിലകുറച്ച് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ ഇതിനായി വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

ആരോഗ്യമേഖലയില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ടെങ്കിലും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ നാം പിന്നിലായിപോകും. ഇല്ലാതായി എന്നു കരുതിയ രോഗങ്ങള്‍ തിരിച്ചുവരികയും ജീവിതശൈലീരോഗങ്ങളും മാരക രോഗങ്ങളും വ്യാപിക്കുകയുമാണ്.  'ആര്‍ദ്രം' പദ്ധതി വഴി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

ആര്‍ദ്രം കേവലമൊരു സര്‍ക്കാര്‍ പരിപാടിയല്ലെന്നും  സര്‍ക്കാര്‍ മുന്‍കൈയെടുത്ത്, എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പശ്ചാത്തല സൗകര്യവികസനം വരുമ്പോള്‍ ഉപകരണങ്ങളായോ, കെട്ടിടമായോ ഒക്കെ നാട്ടുകാര്‍ക്ക് സഹകരിക്കാനാകും. എല്ലാ ചികില്‍സാകേന്ദ്രവും നമ്മുടെ നാടിന്റെ വകയാണ് എന്ന് കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

ആശുപത്രികളില്‍ ഗുണമേന്‍മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും രോഗീസൗഹൃദമാക്കുകയുമാണ് 'ആര്‍ദ്ര'ത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓരോ പ്രാഥമികാരോഗ്യകേന്ദ്രവും എങ്ങനെ നവീകരിക്കണമെന്ന് മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ടെന്നും താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്‍മയുള്ളതും സൗഹാര്‍ദ്ദപരവുമായ സേവനങ്ങള്‍, താലൂക്ക് ജില്ലാതല ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി-സൂപ്പര്‍സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലമാക്കല്‍, രോഗികള്‍ക്ക് പ്രോട്ടോക്കോള്‍ പ്രകാരം ഗുണമേന്‍മയുള്ള ചികിത്‌സയും പരിചരണവും ലഭ്യമാക്കുക തുടങ്ങിയവയാണ് 'ആര്‍ദ്രം' ദൗത്യം ലക്ഷ്യമിടുന്നത്.

Tags: