അതിരപ്പിള്ളി വൈദ്യുത പദ്ധതി പരിഗണനയിലെന്ന് സര്‍ക്കാര്‍

Tue, 28-02-2017 11:41:54 AM ;

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലെന്ന് വൈദ്യുത മന്ത്രി എം.എം മണി. 163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയതായും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പ് നേരിടുന്ന പദ്ധതിയാണിത്.

 

നേരത്തെ, സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രനും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രസ്താവിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാടാണ് എടുത്തിട്ടുള്ളത്. എന്നാല്‍, സര്‍ക്കാറിലെ ഘടകകക്ഷിയായ സി.പി.ഐ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്.

 

വന്‍കിട പദ്ധതിയായ അതിരപ്പള്ളിയ്ക്ക് പുറമേ, ആകെ 156.5 മെഗാവാട്ട് ശേഷിയുള്ള 16 ചെറുകിട ജലവൈദ്യുത പദ്ധതികളും കെ.എസ്.ഇ.ബി ആവിഷ്കരിച്ചിട്ടുണ്ട്. ഇവയില്‍ 87.5 മെഗാവാട്ട് വരുന്ന ഒന്‍പത് പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നവയാണ്. നിര്‍മ്മാണം നടന്നുവരുന്ന ആറു ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാകുന്നത് വഴി 59 മെഗാവാട്ട് സ്ഥാപിത ശേഷി വര്‍ധനവും മുടങ്ങിക്കിടക്കുന്ന മൂന്ന്‍ ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിച്ചു പൂര്‍ത്തിയാകുന്ന മുറയ്ക്ക് 106 മെഗാവാട്ട് സ്ഥാപിതശേഷി വര്‍ധനവും കണക്കാക്കുന്നു. സൗരോര്‍ജത്തില്‍ നിന്ന്‍ 245.22 മെഗാവാട്ടും കാറ്റില്‍ നിന്ന്‍ 6.125 മെഗാവാട്ടും സ്ഥാപിതശേഷിയുള്ള പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.

Tags: