സെന്‍കുമാര്‍ കേസ്: മാപ്പ് പറഞ്ഞിട്ടില്ലെന്ന് നിയമസഭയില്‍; മാപ്പപേക്ഷ സുപ്രീം കോടതിയില്‍

Mon, 08-05-2017 02:33:29 PM ;

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ. കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പു പറയുന്നതായും ചീഫ് സെക്രട്ടറി നളിനി നേറ്റോ സുപ്രീം കോടയിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

 

ടി.പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ് അധികം വൈകാതെയാണ് സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടത്. വെള്ളിയാഴ്ച വ്യക്തത വരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഇതിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്നാണ്  മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും ഇതിന് സര്‍ക്കാരിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോടതി 25,000 രൂപ പിഴ ചുമത്തിയെന്നതും ശരിയല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ 25,000 അടയ്ക്കാനാണ് പറഞ്ഞത്. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി അഭിപ്രായപ്പെടുകയും ചെയ്തു.

 

കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സെന്‍കുമാറിന് നിയമനം നല്‍കിയതായും കാലതാമസമുണ്ടായതില്‍ മാപ്പപേക്ഷിക്കുന്നതായും സത്യവാങ്മൂലത്തിനൊപ്പം നല്‍കിയ മാപ്പപേക്ഷയില്‍ പറയുന്നു. അതിനാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കോടതിയലക്ഷ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് മാപ്പപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

 

കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍കുമാറിന് അനുകൂലമായുണ്ടായ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയ്ക്കൊപ്പം പുന:പരിശോധനാ ഹര്‍ജിയും സര്‍ക്കാര്‍ നല്‍കിയിരുന്നു. വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജി തള്ളിയ കോടതി അനാവശ്യമായി കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ കോടതിച്ചിലവായി അടക്കണമെന്നും ഉത്തരവിട്ടിരുന്നു.

Tags: