ഇന്നസെന്റിനറിയില്ല താന്‍ പറഞ്ഞതെന്താണെന്നു പോലും; പഴയ നടിമാരെയും നശിപ്പിച്ചു

Glint staff
Mon, 10-07-2017 09:04:06 PM ;
Kochi

innocent

നടന്‍ ഇന്നസെന്റ് സ്ത്രീകളെ ആക്ഷേപിക്കുന്ന വിധം സംസാരിച്ചത് എന്താണെന്ന് ഇതുവരെ അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പൈങ്കിളി മാധ്യമപ്രവര്‍ത്തനത്തിന്റെ വ്യാപനത്വവും സ്വീകാര്യതയും കൊണ്ട് അദ്ദേഹത്തിന് ലഭ്യമായ സാമൂഹ്യമായ അംഗീകാരത്തെ സി.പി.എം ഉപയോഗിക്കുകയായിരുന്നു. സംശയിക്കേണ്ട സി പി എം. പൈങ്കിളി മാധ്യമപ്രവര്‍ത്തിനത്തിന്റെ ഇര തന്നെ. സമൂഹത്തിലെ സാംസ്‌കാരികവും ബൗദ്ധികവും വിവേകവും ഉള്ളവരായിരിക്കണം രാഷ്ട്രീയത്തില്‍ വരേണ്ടത്. രാഷ്ട്രീയമാണ് മനുഷ്യജിവിതത്തെ നിര്‍ണ്ണയിക്കുന്നത്. വിദ്യാഭ്യസമില്ലായ്മ എന്ന പോരായ്മയെ ഇന്നസന്റ് മറികടന്നത് അതിനെ തമാശയാക്കിക്കൊണ്ടാണ്. വിദ്യാഭ്യാസം അക്കാദമികമായി വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ലോകത്തെ മാറ്റിമറിച്ച പ്രതിഭാശാലികളുടെ പട്ടികയെടുത്താല്‍ ഔപചാരിക വിദ്യാഭ്യാസം വഴിയില്‍ വച്ച് നിര്‍ത്തിയവരായിരിക്കും.
    

ഇന്നസന്റിന്റെ കാര്യം അതുപോലെയല്ല. തൃശ്ശൂര്‍ ഭാഷയെ അതിന്റെ ഇരിങ്ങാലക്കുട ശൈലിയില്‍ സന്നിവേശിപ്പിച്ച് കൂട്ടിയും കുറുക്കിയും അവതരിപ്പിച്ച് സിനിമയില്‍ തമാശയൊപ്പിച്ച് മലയാള സിനിമയില്‍ ഇടം നേടിയ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ അതു മതി. മാത്രമല്ല അദ്ദേഹത്തിന്റെ ഭാഗം മിക്ക സിനിമകളിലും അദ്ദേഹം നന്നായി കൈകാര്യം ചെയ്തിട്ടുമുണ്ട്. പക്ഷേ അതുകൊണ്ട് ഒരു വ്യക്തി സംസ്‌കാര സമ്പന്നനോ വിവേകശാലിയോ ആകില്ല. അതിന് ആന്തരികമായ ചില പരിവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അടിസ്ഥാനപരമായി വ്യക്തിയില്‍ ഉണ്ടാകേണ്ട് പരിവര്‍ത്തനങ്ങളാണ്. ഇന്നസന്റിന്റെ ജീവിതം എടുത്തുനോക്കിയാല്‍ പരിവര്‍ത്തനത്തിന്റെ ഒരംശം പോലും കാണാനില്ല. ചെറുതിലെ തുടര്‍ന്നുവന്ന നമ്പറുകളുമായി ജീവിച്ചു പോന്നു. സിനിമയെന്ന മാധ്യമത്തിലായപ്പോള്‍ ജനശ്രദ്ധ കിട്ടി. അത്രയേ ഉള്ളു.
        

ഇദ്ദേഹവും ഡോ. സുകുമാര്‍ അഴീക്കോടുമായി പരസ്യമായി വിഴുപ്പലക്കിയപ്പോഴാണ് ഇന്നസന്റിന്റെ വിഴുപ്പിന്റെ കട്ടി മലയാള സമൂഹത്തിനു കാണാന്‍ കഴിഞ്ഞത്. അതിനും അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം അദ്ദേഹത്തിന് അറിയാവുന്ന വിധത്തിലേ അദ്ദേഹത്തിന് പെരുമാറാന്‍ പറ്റുകയുള്ളു. പിന്നെ ഈ സ്ത്രീ വിരുദ്ധത എന്നൊക്കെ പറയുന്നത് എന്താണെന്ന് ഈ പ്രായത്തില്‍ അദ്ദേഹത്തിന് മനസ്സിാലാക്കാന്‍ പ്രയാസമാണ്. അദ്ദേഹം ആത്മാര്‍ഥമായാണ് പറഞ്ഞത്, നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിടുമെന്ന്. അതിലെന്താണ് തെറ്റെന്ന് പാവം ഇന്നസന്റ് ഇപ്പോഴും പുകഞ്ഞ് ആലോചിക്കുന്നുണ്ടാകും.
     

യഥാര്‍ഥത്തില്‍ അദ്ദേഹം മലയാള സിനിമയിലെ മുഴുവന്‍ പുരുഷ കേസരികളെയും ഒറ്റ പ്രസ്താവനയിലൂടെ സ്ത്രീലമ്പടന്‍മാരും ബലാല്‍സംഗക്കാരുമാക്കി മാറ്റുകയാണ് ചെയ്തത്. ഏതെങ്കിലും നടിമാരോട് എന്തെങ്കിലും വശക്കേടായി പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരുടെയടുത്ത് പറഞ്ഞുകളയും. ലോകം  സുതാര്യമായതോടും പുത്തന്‍ അവബോധം വന്നതുമാണ് പാവം സ്ത്രീവിഷയ തല്‍പ്പരര്‍ക്ക് ഗതികേടായെതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇന്നസന്റ് പഴയകാല സിനിമയുടെ ഭാഗവും കൂടിയായിരുന്നു. അദ്ദേഹം പറയുന്നു പഴയകാല സിനിമയില്‍ അങ്ങനെയൊക്കെയായിരുന്നു. ഇപ്പോള്‍ എല്ലാം ക്ലീന്‍ ക്ലീനാണെന്ന്. പാവം പഴയ തലമുറയുടെ പ്രതിനിധികളായി ഷീലയും കെ പി എ സി ലളിതയുമൊക്കെ ഇപ്പോഴും സിനിമയിലുണ്ട്. അവരൊക്കെ ആ വാചകത്തിലൂടെ വല്ലാതെ അധിക്ഷേപിക്കപ്പെട്ടു. അവരൊന്നും അതില്‍ പ്രതികരിച്ചും കണ്ടില്ല. കഷ്ടമെന്നേ പറയേണ്ടു.
      

 

മലയാള സിനിമ ക്ലീന്‍ ക്ലീന്‍ ആണെന്നു പറയുമ്പോള്‍, ചില അസൗകര്യങ്ങള്‍ ഉളളതുകൊണ്ടാണ് പഴയ നടപടികള്‍ പറ്റാത്തതെന്നാണ് ഇന്നസെന്റ് പറയുന്നത്. എന്നാല്‍ മലായളി സിനിമയില്‍ ഇപ്പോഴും നടികളെ നിശ്ചയിക്കുന്ന സപ്രമഞ്ചം(Casting Couch) ഉണ്ടെന്നാണ് ചില പ്രമുഖ നടിമാരും മലയാള സിനിമയില്‍ ഉണ്ടായിരിക്കുന്ന പെണ്‍കൂട്ടായ്മയും അവകാശപ്പെടുന്നത്. അപ്പോഴാണ് മോശം സ്ത്രീകളുടെ കാര്യത്തില്‍ മാത്രമേ അതു നടക്കാറുള്ളു എന്ന് ഇന്നസന്റ് പറയുന്നത്. സംവിധായകന്‍ വിനയന്‍ പോകട്ടെ, തിലകനെപ്പോലുള്ള കരുത്തുറ്റ ഒരു നടന്‍ മലയാളസിനിമയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നുവെങ്കില്‍ അതിനെക്കുറിച്ചും ഇന്നസന്റ് തന്റെ ഇന്നസന്‍സ് വ്യക്തമാക്കാന്‍ ശ്രമിക്കുകയുണ്ടായി. ആ കാലഘട്ടത്തിലും ഇന്നസന്റായിരുന്നു 'അമ്മ' പ്രസിഡണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് പറയുന്നതിന്റെ നേര്‍ വിപരീതമാണ് യാഥാര്‍ഥ്യങ്ങള്‍ എന്നാണ്. ഇന്നസന്റിന്റെ കാര്യവും അതുപോലെ തന്നെ. ആ പേരിന്നു നേര്‍ വിപരീതമായ പെരുമാറ്റം. ആ പെരുമാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് മോശം നടികള്‍ കിടക്ക പങ്കിടുമെന്ന് അതില്‍ ഒരാപകതയും തോന്നാത്ത വിധം ഇന്നസെന്റ് പറഞ്ഞത്. ഇതാണ് പെണ്‍കൂട്ടായ്മക്കാരും പറഞ്ഞത് മലയാള സിനിമിയില് കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുള്ളത്.
    

സിനിമയ്ക്കുള്ളിലുള്ളവര്‍ തന്നെ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ പറയുന്നതു വച്ചു നോക്കുമ്പോള്‍ നടിമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വെറും ചെറുതും നിസ്സാരവുമായി സംഭവമാണ്. ആ സംസ്‌കാരത്തിന്റെ വളര്‍ന്നു വികസിച്ച രൂപമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. ഇതിനു മുന്‍പും നടിമാര്‍ ഇവ്വിധം ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം നടി ഊര്‍മ്മിളാ ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിട്ടതുപോലെ 'ഒതുക്കിത്തീര്‍ക്കുകയോ ഒതുങ്ങിത്തീരുകയോ' ആയിരുന്നു. ഇന്നസന്റ് മലയാള സിനിമിയക്കും മലയാളിക്കും മോശം വരുത്തി വച്ചിരിക്കുന്നു. ഒരു എം.പിയെന്ന നിലയ്‌ക്കെങ്കിലും പൊതുവേദികളില്‍ എന്ത് സംസാരിക്കാന്‍ പാടില്ല എന്ന അറിവുകൂടി ഇല്ലാതാകുന്നത് ശോചനീയമാണ്. കേരള രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും അവസ്ഥ ഒരു തമാശപോലെ ഇന്നസന്റിലൂടെ സുതാര്യമാകുന്നു. ഇവിടെ നിന്നാണ് ഇനി കേരളത്തിന് യാത്ര തുടരേണ്ടത്. ഇപ്പോള്‍ പൊക്കോണ്ടിരിക്കുന്നതിന്റെ വിപരീത ദിശയില്‍. ഇപ്പോഴത്തെ വഴിയില്‍ എത്രത്തോളം പോകുമെന്നും കാണേണ്ടിയിരിക്കുന്നു.

 

Tags: