വി.ബി.ചെറിയാന്‍ അന്തരിച്ചു

Sun, 03-03-2013 05:00:00 PM ;

കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കേരളത്തില്‍ വ്യത്യസ്ഥമായ അദ്ധ്യായം കുറിച്ച നേതാവ് വി.ബി.ചെറിയാന്‍(68) അന്തിരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ജീവിതയാത്രയോട് ചേരും വിധം മൃതദേഹം ആലുവയിലെ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം.സി.പി.ഐ) ഓഫീസ് വളപ്പില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കരിച്ചു. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായിരുന്നു അദ്ദേഹം.

സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളെത്തുടര്‍ന്നു 1998 ലാണ് അദ്ദേഹം സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെടുന്നത്. അന്നു അദ്ദേഹം സി.പി.എം. സംസ്ഥാനക്കമ്മറ്റി അംഗവും, സി.ഐ.ടി.യു. ദേശീയ ദേശീയ സെക്രട്ടറിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നു സി.പി.എം. അകലുന്നുവെന്നു കണ്ടപ്പോള്‍ അത് ശ്രദ്ധയിലേക്കു കൊണ്ടുവന്ന ചെറിയാന്‍, സേവ് സി.പി.എം ഫോറവുമായി ബന്ധപ്പെട്ടു പാര്‍ട്ടിവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. സി.പി.എമ്മിന്റെയുള്ളില്‍ പുകഞ്ഞുതുടങ്ങിയ വിഭാഗീയതയുടെ ആദ്യഘട്ടത്തിന്റെ മുഖമായിരുന്നു ചെറിയാന്റെ പുറത്താക്കല്‍ നടപടി. ആ വിഭാഗീയത പല രൂപത്തില്‍ പുകഞ്ഞും കത്തിയും വീണ്ടും പുകഞ്ഞും നീറിയും ഒരു പ്രതിസന്ധിഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയത്താണ് ചെറിയാന്റെ മരണം.

തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദം നേടിയ അദ്ദേഹം ഫാക്ടിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെ സംഘടനാ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമില്ലാത്തതിനാല്‍ അവിടെ നിന്ന് രാജിവെച്ച് കെ.എസ്.ഇ.ബി യില്‍ ചേരുകയാണുണ്ടായത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അദ്ദേഹം ദീര്‍ഘകാലം കെ.എസ്.ഇ.ബി. എംപ്ലോയീസ് അസ്സോസിയേഷന്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതോടെ കൊച്ചി കപ്പല്‍ശാല, പ്രീമിയര്‍ ടയേഴ്‌സ് തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായശാലകളിലെ തൊഴിലാളിയൂണിയന്‍ നേതാവായി. 1987ല്‍ കുന്നത്തുനാടുനിന്ന് ടി.എച്ച്.മുസ്തഫയോടും 1991ല്‍ എറണാകുളം മണ്ഡലത്തില്‍ ജോര്‍ജ് ഈഡനോടും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ചെറിയാനെ കപ്പല്‍ശാലാ തൊഴിലാളിയൂണിയന്‍ നേതൃസ്ഥാനത്തുനിന്ന്  ഒഴിവാക്കാന്‍ സി.പി.എം. സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിച്ചിട്ടും അദ്ദേഹം അവിടെ മത്സരിച്ചു ജയിക്കുകയുണ്ടായി. മരണം വരെ അവിടുത്തെ തൊഴിലാളിയൂണിയന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു.

ഭൂപണയബാങ്കില്‍ നിന്നും വിരമിച്ച ആലീസ് ചെറിയാനാണ് ഭാര്യ. സുധിന്‍ ബെന്‍ ചെറിയാന്‍(ബിസിനസ്സ്), സോന(യു.എസ്.എ) എന്നിവര്‍ മക്കളും പ്രസി, ദിലീഷ്(യു.എസ്.എ) എന്നിവര്‍ മരുമക്കളുമാണ്.

 

 

Tags: