കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി

Mon, 18-03-2013 12:45:00 PM ;

kochi biennaleകൊച്ചി: കലയുടെ കാര്‍ണിവല്‍ ആയി മാറിയ കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി. ചരിത്രത്തിന്റെ അടയാളങ്ങള്‍ മായാതെ കിടക്കുന്ന ഫോര്‍ട്ട്‌ കൊച്ചിയില്‍ സമകാലീന ലോക കല പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ജനങ്ങള്‍ക്ക്‌ അത് കാഴ്ചയുടെ പുതുമയായി. ഒന്‍പത് വേദികളായി 97 ദിവസം നീണ്ടുനിന്ന ബിനാലെയുടെ പതാക ഞായറാഴ്ച ആസ്​പിന്‍വാള്‍ ഹൌസിന്റെ മുറ്റത്ത്‌  കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് താഴ്ത്തി.

 

രാവിലെ മുതല്‍ ഒഴുകിയെത്തിയ ജനം ബിനാലെ സമാപനത്തിന് ഉത്സവഛായ പകര്‍ന്നു നല്‍കി. സമാപനച്ചടങ്ങുകള്‍ക്ക് ശേഷം സ്വദേശി ശ്രീനിവാസ് പ്രസാദ് ഒരുക്കിയ 'എറേയ്‌സ്' എന്ന മുളയില്‍ തീര്‍ത്ത ഇന്‍സ്റ്റലേഷനുമായി ബിനാലെ വേദിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തേക്ക് 'താങ്ക്‌സ്‌വാക്ക്' നടത്തി. തുടര്‍ന്ന് ഈ ഇന്‍സ്റ്റലേഷന്‍ പ്രതീകാത്മകമായി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് അഗ്‌നിക്കിരയാക്കി.  

 

ഇന്ത്യയിലെ ആദ്യ ബിനാലെയായ  കൊച്ചി-മുസ്സിരിസ് ബിനാലെയില്‍ 23 രാജ്യങ്ങളില്‍ നിന്നായി 89 കലാകാരന്മാരാണ് അണിനിരന്നത്. ബിനാലെ രണ്ടാം പതിപ്പ് 2014 ഡിസംബര്‍ 12 ന് കൊച്ചിയില്‍ ആരംഭിമെന്നും ഇതിനായി പുതിയ ക്യുറേറ്റര്‍മാരുടെ തെരഞ്ഞെടുപ്പ് ജൂണില്‍ നടക്കുമെന്നും ക്യുറേറ്റര്‍മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, റിസര്‍ച്ച് കോ ഓഡിനേറ്റര്‍ ബോണി തോമസ് എന്നിവര്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിനാലെ ഫൗണ്ടേഷന്‍ തുടരും. 15 കോടിയാണ് ബിനാലെയുടെ മൊത്തം ചെലവ്. ഏഴുകോടി രൂപയോളം ഫൗണ്ടേഷന്‍ കടത്തിലാണെന്നും സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. നടന്ന ബിനാലെയില്‍

 

സര്‍ക്കാര്‍ ആദ്യഘട്ടമായി അനുവദിച്ച അഞ്ചുകോടി രൂപയുമായാണ് ബിനാലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിന്റെ വിനിയോഗം സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Tags: