ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തിന് സി.ബി.ഐയ്ക്ക് വിമുഖത

Fri, 29-08-2014 05:32:00 PM ;
ന്യൂഡൽഹി

pk kunhalikkuttyകോഴിക്കോട് ഐസ്‌ക്രീം പാർലർ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട അട്ടിമറിക്കേസ് അന്വേഷിക്കാൻ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. അന്തർ സംസ്ഥാന ബന്ധമില്ലാത്തതിനാൽ കേരള പോലീസിലെ ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗത്തിന് തന്നെ ഇത് അന്വേഷിക്കാന്‍ കഴിയുമെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഏജന്‍സി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇക്കാര്യത്തിൽ കോടതിക്ക് തീരുമാനമെടുക്കാമെന്നും സി.ബി.ഐ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കാന്‍ സാക്ഷികളെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ വി.എസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ജഡ്ജിമാരെ വരെ പണം നല്‍കി സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റൗഫ് ആണ് വെളിപ്പെടുത്തിയത്.

 

ഈ ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വി.എസ് സുപ്രീം കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 13-ന് വിഎസിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.

Tags: