സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

Fri, 01-03-2013 03:15:00 PM ;

കൊച്ചി: ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കേരളം സന്തോഷ്‌ ട്രോഫി ഫൈനലില്‍.  അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ ഷിബിന്‍ലാല്‍ നേടിയ ഗോളിലൂടെയാണ് സെമിയില്‍  മഹാരാഷ്ട്രയെ കേരളം കീഴടക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റു  സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചു.  ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസ്- പഞ്ചാബ് മത്സര വിജയികളെയാണ് കേരളം നേരിടുക.

കളി തുടങ്ങി ആദ്യ നിമിഷം തന്നെ കേരളം ഗോളവസരം തുറന്നെങ്കിലും നീക്കങ്ങളെല്ലാം മഹാരാഷ്ടയുടെ ബോക്സില്‍ അവസാനിക്കുന്നത് കാണാനായിരുന്നു ആദ്യപകുതിയില്‍ കാണികളുടെ വിധി.  പക്ഷെ, രണ്ടാം പകുതിയുടെ പത്താം മിനിറ്റില്‍ കേരളം വല ചലിപ്പിച്ചു. ജോണ്‍സണ്‍ എടുത്ത ഫ്രീകിക്ക് ഹെഡ് ചെയ്ത് ഉസ്മാന്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് ക്രോസ് ബാറില്‍ തട്ടി.  എന്നാല്‍ റീബൗണ്ട് ചെയ്തുവന്ന പന്ത് മഹാരാഷ്ട്ര പ്രതിരോധ നിരക്കാരന്റെ കയ്യില്‍ തട്ടിയതോടെ റഫറി പെനല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഉസ്മാന് കേരളത്തെ മുന്നിലെത്തിച്ചു  (1-0). ഗോള്‍ വീണതോടെ ഉണര്‍ന്ന മഹാരാഷ്ട്ര മുന്നേറ്റം 71-മത്തെ മിനിറ്റില്‍ ലാല്‍റീം പ്യൂയയുടെ 30 വാര അകലെനിന്നുള്ള വോളിയിലൂടെ സമനില പിടിച്ചു (1-1).  കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ രാഹുലിന് പകരം പ്രതിരോധ താരം സുര്‍ജിത്താണ് കേരളത്തെ നയിച്ചത്.

Tags: