ഒ.വി വിജന്റെ പ്രതിമ വികൃതമാക്കിയ നിലയില്‍

Thu, 07-03-2013 04:15:00 PM ;

o v vijayan's statueമലപ്പുറം: കോട്ടക്കല്‍ ഗവ. രാജാസ് ഹൈസ്കൂളില്‍ സ്ഥാപിച്ച ഒ.വി. വിജയന്‍റെ പ്രതിമ വികൃതമാക്കിയ നിലയില്‍. നഗരസഭയും മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വവും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിമ ചാക്ക് കൊണ്ട് മൂടിയിരിക്കുകയായിരുന്നു. ചിത്രമെടുക്കാന്‍ ചാക്ക് മാറ്റിയപ്പോള്‍ ആണ് പ്രതിമയുടെ മുഖം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്.

 

സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ വിജയന്റെ സ്മരണക്കായി വിദ്യാര്‍ഥികളാണ് ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിനെ ആസ്പദമാക്കി ‘കൂമന്‍ കാവ്’ എന്ന പേരില്‍ സ്മൃതിവനമൊരുക്കിയത്. എന്നാല്‍ അനുമതി വാങ്ങാതെയാണ് സ്മാരക നിര്‍മ്മാണം എന്നാരോപിച്ച് മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള കോട്ടക്കല്‍ നഗരസഭ പ്രതിമ പൊളിച്ചു നീക്കാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിമ നീക്കാന്‍ വിദ്യാഭാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ആരോപണമുയര്‍ന്നു.

 

നഗരസഭയുടെ നിലപാടില്‍ സാംസ്കാരിക രംഗത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.  തുടര്‍ന്ന് പ്രതിമ അവിടെ തന്നെ നിലനിര്‍ത്തുമെന്നും ആവശ്യമെങ്കില്‍ വിദ്യാഭാസ വകുപ്പിന്റെ അനുമതി നല്‍കാമെന്നും മന്ത്രി പി.കെ. അബ്ദു റബ്ബ് അറിയിച്ചു. എം.എല്‍.എ. അബ്ദു സമദ് സമദാനിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

Tags: