എന്തുകൊണ്ട് ദിലീപ് അറസ്റ്റിലായി? ഗൂഢാലോചന ഒതുക്കാനുള്ള ശ്രമം അന്വേഷിക്കപ്പെടണം

Gint Staff
Tue, 11-07-2017 07:02:56 PM ;

dileep

നടിയെ ആക്രമിച്ച കേസ്സില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ഒരു കാര്യം തെളിഞ്ഞു. കുറ്റകൃത്യം നടന്നത് പുറത്തു വന്നതോടൊപ്പം ഇതിന്റെ പിന്നിലെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നുള്ള വാര്‍ത്ത പ്രചരിച്ചിത് ശരിയായിരുന്നുവെന്ന്.  സ്വാഭാവികമായും അന്നു മുതല്‍ ഇതിലെ ഗൂഢാലോചന തെളിയാതിരിക്കാന്‍ ദിലീപ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ ശ്രമത്തിന്റെ മുഖമാണ് 13 മണിക്കൂര്‍ ചോദ്യം ചെയ്യലിനെ നേരിട്ടതിന്നു ശേഷം നടന്ന 'അമ്മ'യുടെ പത്രസമ്മേളനത്തിലെ ഭാരവാഹികളുടെ ക്ഷോഭം.
               
'അമ്മ' ദിലീപിനൊപ്പമാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ പത്ര സമ്മേളനം .രണ്ടു ഭരണകക്ഷി എം.എല്‍.എ മാരായ മുകേഷും കെ.ബി.ഗണേഷ് കുമാറും ഭരണകക്ഷി എം.പി.യായ ഇന്നസന്റുമാണ് ദിലീപിനു വേണ്ടി ഉച്ചത്തില്‍ മിണ്ടിക്കൊണ്ടും മിണ്ടാതിരുന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനു വേണ്ടി രംഗത്തുവന്നത്. ഇത് സൂചിപ്പിക്കുന്നത് ദിലീപിന് ഇവരിലെല്ലാം ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ്. ഇത്രയും നീചമായ കുറ്റകൃത്യം ചെയ്യാന്‍ തയ്യാറായ വ്യക്തിയുടെ ശ്രമഫലമായാണ് ഗൂഢാലോചന അന്വേഷിക്കപ്പെടാതെ ഈ കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതെന്ന് സംശയിക്കപ്പെടുന്നത് സ്വാഭാവികമാണ്. അതിന് ബലമേകുന്നതാണ് പത്ര സമ്മേളനം . അന്വേഷണം കാര്യക്ഷമമായി നടന്നേക്കുമെന്ന സൂചന വന്നപ്പോഴാണ് അതിനെ നേരിടാനുള്ള പ്രതിരോധമെന്നോണം ലാല്‍ ജോസ്, ലാല്‍, സലിം കുമാര്‍, അജു വര്‍ഗ്ഗീസ് എന്നിവരെ തന്നെ അനുകൂലിക്കുന്ന പ്രസ്താവനകളുമായി രംഗത്തിറക്കിയത്.

          
പള്‍സര്‍ സുനി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നു കാണിച്ചു കൊണ്ട് ഡി.ജി.പിക്കു നേരിട്ടു പരാതി നല്‍കിയതുമൊക്കെ ഇത്തരം ശ്രമങ്ങളിലെ വെറും ചെറു ഭാഗങ്ങളായിരിക്കണം. ഇപ്പോള്‍ കേരളാ പോലീസ് ദിലീപിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തു എന്ന ചോദ്യം ഉയരുന്നു. അതിനുള്ള ഉത്തരം നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം നടന്ന അമ്മയുടെ യോഗത്തിലെ ദിലീപ് നടത്തിയതായി പറയപ്പെടുന്ന പ്രസംഗം പരിശോധിച്ചാല്‍ അറിയാന്‍ കഴിയുമെന്നാണ് സിനിമയ്ക്കുള്ളിലുള്ള ചിലര്‍ പറയുന്നത്.
          
മലയാള സിനിമയിലെ ക്രിമിനല്‍ വത്ക്കരണത്തിനെതിരെ മുതിര്‍ന്ന പല സിനിമ പ്രവര്‍ത്തകരും പരസ്യമായ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ ദിലീപിന്റെ പ്രസംഗത്തോടെ പിറ്റേന്നു മുതല്‍ ഈ പ്രസ്താവന ഇറക്കിയവരില്‍ പലരും തിരുത്തിയും മയപ്പെടുത്തിയും മാധ്യമങ്ങളിലെത്തി. വളരെ മ്ലേഛമായ ഭാഷയിലാണ് തന്നെ പ്രതിയാക്കിക്കൊണ്ട് ആരും സുഖിക്കേണ്ടന്നും തനകത്തായാല്‍ മറ്റു പലരും തന്നോടൊപ്പം കുടുങ്ങുമെന്നും ഭീഷണിയുടെ സ്വരത്തില്‍ ദിലീപ് സംസാരിച്ചത്. മമ്മൂട്ടിയും ആ യോഗത്തില്‍ സന്നിഹിതനായിരുന്നു.
           
ഇടതുപക്ഷ എം.എല്‍.എമാര്‍,എം.പി എന്നിവര്‍ക്കു പുറമേ മമ്മുട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം ഗൂഢാലോചനയിലേക്കുള്ള അന്വേഷണം വൈകുന്നതിന് കാരണമായെന്ന ആക്ഷേപവും ഉയരുകയുണ്ടായി. പത്ര സമ്മേളന പ്രകടനത്തിനു ശേഷം അത് ശക്തമാവുകയും ചെയ്തു. അപ്പഴേക്കും മാധ്യമങ്ങള്‍ ഈ സാഹചര്യങ്ങളെ വിലയിരുത്തി നിമിഷം തോറും ഈ കേസ്സിന്റെ പിന്നാലേ കൂടി. ഇതോടെ ദിലീപിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ അന്വേഷണം സി.ബി.ഐയിലേക്ക് പോകാന്‍ പാകമായ അവസ്ഥയെത്തി. ഇപ്പോള്‍ തന്നെ മുകേഷിനെയും ഗണേഷിനെയും ഇന്നസന്റിനെയും കൊണ്ട് ഇടതുപക്ഷത്തിനും സര്‍ക്കാരിനും രാഷ്ട്രീയ നഷ്ടങ്ങള്‍ ഏറെ സംഭവിച്ചു. വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷിച്ചാല്‍ ചിലപ്പോള്‍ നടി ആക്രമിക്കപ്പെട്ടതും ഗൂഢാലോചനയും മാത്രമാകില്ല പുറത്തു വരിക .ദിലീപ് ഭീഷണിപ്പെടുത്തിയ പോലെ പലരും പലതിലും കുടുങ്ങിയേക്കാം. ഒരു ഡ്രൈവറായ പള്‍സര്‍ സുനി രണ്ടു പാസ്‌പോര്‍ട്ടുകള്‍ വരെ കൈവശം വച്ച് വിദേശ യാത്രകള്‍ വരെ നടത്തിയിട്ടുണ്ട്.
        
കേരളത്തില്‍ ഇപ്പോള്‍ രഷ്ട്രീയവും സിനിമയും  കൂടിക്കലര്‍ന്നിട്ടുള്ള അവസ്ഥയാണ്. അതിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടക്കുകയാണെങ്കില്‍ വന്‍ മരങ്ങള്‍ക്കൊപ്പം അത് കേരള രാഷ്ട്രീയത്തേയും ഇളക്കി മറിച്ചെന്നിരിക്കും. അതേ സമയം ദിലീപിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം അ വിപത്തിനെ ഒഴിവാക്കാന്‍ കഴിയും. അധ്യായം അവിടം കൊണ്ടവസാനിപ്പിക്കാം .
       
ഈ സാഹചര്യത്തില്‍ ഗൂഢാലോചന ഒഴിവാക്കാന്‍ ദിലീപ് നടത്തിയ ശ്രമങ്ങള്‍, അതില്‍ ആരൊക്കെ ഏതു വിധത്തില്‍ പങ്കെടുത്തു, ഗൂഢാലോചന ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനിടയായ കാരണം എന്നിവയെ കുറിച്ച് ഒരു ജുഡിഷ്യല്‍ അന്വേഷണം നടത്തേണ്ടതാണ്.ദിലീപ് നടത്തിയ ഗൂഢാലോചനയോടൊപ്പമോ അതിനേക്കാള്‍ ഗൗരവമേറിയ തോ ആണ് ഗൂഢാലോചന ഒഴിവാക്കാന്‍ നടന്ന സംഘടിത ശ്രമം. നടി ആക്രമിക്കപ്പെട്ടത് ഒരു വ്യക്തിയുടെ കുറ്റകൃത്യവാസനയില്‍ നിന്ന് ഉടലെടുത്തതാന്നെങ്കില്‍ അതു മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് പ്രബലമായ സംഘമാണ്. അവര്‍ ഇപ്പോഴും അതേ ശക്തിയോടെ തുടരുന്നു എന്നത് സംസ്ഥാനത്ത് ഭീതിദമായ അന്തരീക്ഷത്തെ സൃഷ്ടിക്കുന്നു

 

Tags: