സഞ്ജയ് ദത്തും ശിക്ഷയും

Sun, 24-03-2013 01:30:00 PM ;

sanjay duttപൈങ്കിളിസാഹിത്യത്തിനും എഴുത്തിനും എന്താണ് കുഴപ്പം? പലപ്പോഴും ഇതിന്റെ വക്താക്കള്‍ ചോദിക്കുന്ന ചോദ്യം. അത് ആള്‍ക്കാരെ വായിപ്പിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന വാര്‍ത്തകള്‍ ഒരു പൈങ്കിളി തലവാചകത്തിലൂടെ സാധാരണക്കാരന്റെ ശ്രദ്ധയെ ക്ഷണിക്കുന്നു. ആസ്വാദ്യമാക്കുന്നു. എന്തുതന്നെയായാലും പൈങ്കിളി തന്നെ ഇപ്പോള്‍ ജയിച്ചുനില്‍ക്കുന്നു. ചാനലിലായാലും പത്രങ്ങളിലായായും മാസികകളിലായാലും. യുദ്ധമായിക്കൊള്ളട്ടെ, മരണമായിക്കൊള്ളട്ടെ, അന്വേഷണാത്മകമാധ്യമ റിപ്പോര്‍ട്ടായിക്കൊള്ളട്ടെ, ഒളിക്യാമറാ വെളിപ്പെടുത്തലായിക്കൊള്ളട്ടെ എല്ലാത്തിന്റെയും ലക്ഷ്യം ഒന്ന്. വായനക്കാരെയും പ്രേക്ഷകരേയും ആസ്വദിപ്പിക്കുക. ഏതെങ്കിലും ഒരു വികാരത്തെ ഉണര്‍ത്തി ആളിക്കത്തിച്ചു നിര്‍ത്തുക. ആ ആളിക്കത്തലില്‍ വിചാരത്തെ എരിച്ചു ചാമ്പലാക്കുക. ചിലപ്പോള്‍ ആളിക്കത്തുന്നത് ദേഷ്യം. മറ്റ് ചിലപ്പോള്‍ ഭീതി. വേറെ ചിലപ്പോള്‍ പലരീതികളിലുള്ള വേദന, വിഷമം, ഇത്യാദി വികാരങ്ങള്‍. ഇതിനിപ്പോള്‍ ചുക്കാന്‍ പിടിക്കുന്നതില്‍ മുന്‍പന്തിയില്‍ ദേശീയ മാധ്യമങ്ങള്‍. ഏതുവിഷയത്തേയും ദേശീയ-അന്തര്‍ദ്ദേശിയ വിഷയമാക്കാനും യഥാര്‍ഥവിഷയങ്ങളെ വിഷയങ്ങളല്ലാതാക്കാനും ഈ ചാനലുകള്‍ക്ക് കഴിയുന്നു. വികാരങ്ങളുടെ തലങ്ങളിലൂടെ മാത്രം സഞ്ചരിക്കുക എന്നത് മൃഗങ്ങള്‍ക്ക് പ്രകൃതി വിധിച്ചിട്ടുള്ള അവസ്ഥയാണ്. അതാകട്ടെ കുറ്റമറ്റതും. മനുഷ്യനു മാത്രമാണ് വിവേചനം വിധിച്ചിട്ടുള്ളത്.

 

ചലച്ചിത്രനടന്‍ സഞ്ജയ് ദത്ത് ദയയും സമൂഹത്തിന്റെ സ്‌നേഹവും അര്‍ഹിക്കുന്നു. നിലവിലുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വിനിയോഗിച്ച് അദ്ദേഹത്തിനു വിധിച്ചിരിക്കുന്ന തടവുശിക്ഷയില്‍ നിന്ന് ഇളവുനേടാന്‍ അദ്ദേഹത്തിനു ശ്രമിക്കാവുന്നതുമാണ്. അതേസമയം പൊതുസമൂഹത്തിന്റെ വികാരം ഉണര്‍ത്തി കോടതിയേയും ഗവണ്മെന്റിനേയും സമ്മര്‍ദ്ദത്തിലാക്കി സഞ്ജയ് ദത്തിന്റെ ശിക്ഷയില്‍ ഇളവ് വാങ്ങിക്കൊടുക്കാന്‍ വളരെ വ്യക്തമായി ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രത അപകടകരമാണ്. പരമോന്നത കോടതിയുള്‍പ്പടെയുള്ള എല്ലാ കോടതികളും നമ്മുടെ സമൂഹത്തിന്റെ പ്രതിനിധികളാല്‍ കൈകാര്യം ചെയ്യപ്പെടുന്നതാണ്. ദില്ലി കൂട്ടബലാല്‍സംഗസംഭവത്തിനു ശേഷം അത്തരം വിഷയങ്ങളില്‍ സുപ്രീം കോടതി ഉള്‍പ്പടെയുള്ള കോടതികള്‍ സമീപിക്കുന്ന രീതിയില്‍ ദില്ലി സംഭവം സ്വാധീനിക്കുന്നത് കാണാവുന്നതാണ്. അത് കോടതികള്‍ തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്. പുറത്തുള്ള സാമൂഹികാന്തരീക്ഷം കോടതിയെയും സാധീനിക്കുന്നു. വിധി കുറ്റമറ്റതാക്കി നീതി ഉറപ്പാക്കുന്നതില്‍ അത് ആരോഗ്യകരം തന്നെ.

 

സഞ്ജയ് ദത്ത് ജയിലിലേക്കു പോകുന്നത് ജനങ്ങള്‍ക്ക് വിഷമമുണ്ടാകുന്നു; വേദനയുണ്ടാക്കുന്നു. സര്‍ക്കാര്‍, വിശേഷിച്ചും തിരഞ്ഞെടുപ്പിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ജനപിന്തുണ വേണമെങ്കില്‍ ജനങ്ങളെ വേദനയില്‍ നിന്നും മുക്തമാക്കി സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കണം എന്ന സന്ദേശം 24 മണിക്കൂര്‍കൊണ്ട് നല്‍കി. ശനിയാഴ്ച വൈകീട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ഷിന്‍ഡേ പറഞ്ഞു; നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് സഞ്ജയ് ദത്തിന്റെ ശിക്ഷയില്‍ ലഭ്യമാക്കാന്‍ കഴിയുന്നത് ചെയ്യുമെന്ന്.

Mohanlal

സമൂഹത്തിന്റെ നാനാതുറയുടെ പ്രതിനിധികളേയും പ്രമുഖരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ കാമ്പയിന്‍ നടത്തിയത്. കേരളത്തില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടന്‍ ജഗദ്ദീഷ് പറയുകയുണ്ടായി സിനിമയില്‍  ഒട്ടുമിക്ക ആളുകളും ഈ ആയുധം ശേഖരിച്ചുവയ്ക്കുന്നത് പതിവാണ്. മലയാളസിനിമയിലും അങ്ങിനെയുള്ളവര്‍ ധാരാളമുണ്ട്. ഇവിടെ സഞ്ജയ ദത്ത് ചെയ്തതും അതാണ്. അതു കുറ്റം തന്നെയാണ്. കോടതിവിധിയെ മാനിക്കുന്നു. പക്ഷേ മനുഷ്യനെന്ന നിലയില്‍ സഞ്ജയ് ദത്ത് വളരെ നല്ലവനാണ്. അദ്ദേഹം കറകളഞ്ഞ രാജ്യസ്‌നേഹിയാണ്. സുനില്‍ദത്തിന്റെയും നര്‍ഗീസ്സിന്റെയും മകനാണ്. അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചതില്‍ വിഷമമുണ്ട്. എങ്കിലും കോടതിവിധിയെ മാനിക്കുന്നു എന്നിങ്ങനെ. ജഗദ്ദീഷ് പറഞ്ഞുവെച്ചത്, വലിയ കുറ്റത്തിനൊന്നുമല്ല സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്, അദ്ദേഹം മറ്റ് പലരേക്കാളും നല്ലവനാണ്, അദ്ദേഹം ശിക്ഷയര്‍ഹിക്കുന്നില്ല, എന്നൊക്കെ. തൊട്ടും തൊടാതെയും മുക്കിയും മൂളിയും എല്ലാവരും ഇതേ നിലപാടു തന്നെയാണ് ചര്‍ച്ചകളില്‍ പ്രകടിപ്പിച്ചത്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ചുരുങ്ങിയ സമയം കൊണ്ട് സഞ്ജയ് ദത്ത് വാഴ്ത്തപ്പെട്ടു.

Jagadeesh

വിഷയം ലളിതം. വാഴ്ത്തപ്പെടേണ്ടതും വാഴേണ്ടതും രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണോ? ശരിയാണ്, ദത്തിന്റെ കുടുംബവും കൂടിയാണ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. നിയമത്തിന്റെ മുന്നില്‍  എല്ലാവരും തുല്യരാണ് എന്ന സമീപനത്തോട് ചേര്‍ന്നു നിന്നുവേണോ അതോ ചിലര്‍ക്ക് പ്രത്യേകത വേണം എന്ന നിലപാടിനോട് ചേര്‍ന്നുനിന്നുവേണോ മാധ്യമങ്ങള്‍ നിലകൊള്ളേണ്ടത് എന്നതാണിവിടെ ഉദിക്കുന്നത്. മലയാളം ചാനലില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവരോട് ചില വാര്‍ത്താ അവതാരകരുടെ ചോദ്യം കേട്ടപ്പോള്‍ അവര്‍ വിഷമം സഹിക്കാതെ പൊട്ടിക്കരഞ്ഞുപോകുമോ എന്നു പോലും തോന്നിപ്പോയി. നടന്‍ മോഹന്‍ലാലും തോട്ടും തോടാതെയുമാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ അതിനെ സഞ്ജയ് ദത്തിനുവേണ്ടി മോഹന്‍ലാല്‍ എന്ന തലക്കെട്ടിലാണ് ജനത്തെ അറിയിച്ചിരിക്കുന്നത്.

 

ഇരുപതു വര്‍ഷത്തോളം നീണ്ട വ്യവഹാരത്തിനൊടുവിലാണ് രാജ്യത്തെ പരമോന്നത കോടതി പറഞ്ഞിരിക്കുന്നത് അദ്ദേഹം കുറ്റക്കാരനാണെന്നും ശിക്ഷ അനുഭവിക്കണമെന്നും. അതിനെയാണ് പൊതുവികാരമുണര്‍ത്തി ഏതു വിധേനയും അസാധുവാക്കാന്‍ ശ്രമിക്കുന്നത്. നടന്‍ ജഗദ്ദീഷിന്റെയും അദ്ദേഹത്തേപ്പോലുള്ളവരുടേയും അഭിപ്രായത്തില്‍ സഞ്ജയ് ദത്ത് ചെയ്ത ചെറിയ അപരാധം എന്താണ്? ഒരു ഏ.കെ.47 തോക്കും, കുറേ ഗ്രനേഡുകളും അനധികൃതമായി കൈയ്യില്‍ വച്ചുപോയി. പിന്നെ  ബോംബെയിലെ അധോലോകനായകനെ വീട്ടില്‍ സ്വീകരിച്ചാണ് അത് കരസ്ഥമാക്കിയത്. 1993-ല്‍ 250 പേരുടെ മരണത്തിനിടയാക്കിയ, പാകിസ്ഥാന്റെ കൈകള്‍ പിന്നിലുണ്ടെന്നു സുപ്രീംകോടതി കണ്ടെത്തിയ മുംബൈ സ്‌ഫോടനത്തില്‍ ഈ അധോലോകനായകനുമൊക്കെ ബന്ധമുണ്ടായിപ്പോയി.

Pinarayi Vijayan

ശരിയായിരിക്കാം സഞ്ജയ് ദത്ത് നല്ല മനുഷ്യനായിരിക്കാം. നല്ല നടനുമാണ്. അദ്ദേഹത്തിനു ഇങ്ങനെയൊരവസ്ഥവന്നത് വേദനാജനകം തന്നെ. വികാരങ്ങളുടെ പുറത്ത് നീതിനിര്‍വഹണം നടപ്പിലാക്കണോ വേണ്ടയോ എന്നതാണ് കാതലായ വിഷയം. രാജ്യത്ത് നാലു ലക്ഷത്തോളം തോക്കുകള്‍ രേഖകളില്ലാതെ ആള്‍ക്കാര്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. രാജ്യത്തെ ശിഥിലീകരിക്കാന്‍ രാജ്യവിരുദ്ധശക്തികളുടെ അജണ്ടകളിലൊന്നാണ് ആയുധവ്യാപനം.

 

ഏ.കെ.47നും ഗ്രനേഡുകളും  അനധികൃതമായി കൈവശം വെച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നതകോടതി ശിക്ഷിച്ച സഞ്ജയ് ദത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍, നാടന്‍തോക്കും നാടന്‍ബോംബുമായി അറസ്റ്റുചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ മാധ്യമങ്ങളുടെ നിലപാട് എന്തായിരിക്കണമെന്നത് ആലോചനീയമാണ്; നിയമത്തിന്റെ മുന്നില്‍ വലിയവനും ചെറിയവനുമൊക്കെ ഒരുപോലെയെന്ന തത്വം അംഗീകരിക്കുകയാണെങ്കില്‍. ലൈസന്‍സുള്ള തോക്കിന്റെ രണ്ടുണ്ടകള്‍ മാത്രം വിമാനയാത്രചെയ്ത പിണറായി വിജയന്റെ  ബാഗില്‍ കാണപ്പെട്ടതിന്റെ പേരില്‍ ആഴ്ചകളോ മാസങ്ങളോ മാധ്യമങ്ങള്‍ വായനക്കാരേയും പ്രേക്ഷകരേയും മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ സാംഗത്യവും ഓര്‍ത്തെടുക്കാവുന്നതാണ്.

Balakrishnapillai

നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരല്ല എന്ന പൊതുധാരണാസൃഷ്ടിയും യാഥാര്‍ഥ്യവുമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏവര്‍ക്കുമറിയാവുന്നതാണ് സുപ്രീംകോടതി ശിക്ഷിച്ച് ജയിലില്‍ പോയ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള എത്ര ദിവസം ജയിലില്‍ കിടന്നുവെന്ന്. അതില്‍ തന്നെ കൂടുതല്‍ നാളും പഞ്ചനക്ഷത്ര ആശുപത്രിയിലായിരുന്നു. ഏതാണ്ട് അതേ സമയത്ത് ജയിലിലടയ്ക്കപ്പെട്ടയാളാണ് മുന്‍ ഐ.ജി.ലക്ഷ്മണ. അദ്ദേഹത്തിനു വേണമെങ്കില്‍ നിരത്താന്‍ ന്യായങ്ങളുണ്ട്. സി.അച്യുതമോനോന്‍ നേതൃത്വം നല്‍കുകയും കെ.കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരിക്കുകയും ചെയ്തിരുന്ന ഗവണ്മെന്റിന്റെ തീരുമാനം തന്റെ ഉത്തരവനുസരിച്ച് എതുപോലെയാണോ രാമചന്ദ്രന്‍ നായര്‍ വര്‍ഗീസ്സിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്, അതുപോലെ താനും ചെയ്തുള്ളുവെന്ന്. ലക്ഷ്മണയും വൃദ്ധനാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ക്കും വേണമെങ്കില്‍, അധസ്ഥിതവര്‍ഗത്തില്‍ ജനിച്ചവനായതുകൊണ്ടാണ് ബാലകൃഷ്ണപിള്ളയും ലക്ഷ്മണയും ഒരുപോലെ നിയമത്തിന്റെ മുന്നില്‍ lakshmanaപരിഗണിക്കാതെപ്പോകുന്നതെന്നു തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല.

 

സഞ്ജയ് ദത്ത് ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. ഖ്യാതിയില്‍ മുങ്ങിക്കുളിച്ചു അതില്‍ മതിമറന്നു പോകുന്ന രക്ഷിതാക്കളുടെ (സെലിബ്രിറ്റി പേരന്റ്‌സ്) കുട്ടികളുടെ ബാല്യത്തില്‍ അനുഭവിക്കുന്ന സ്‌നേഹക്കമ്മിയുടെയും അരക്ഷിതാവസ്ഥയുടേയും അസുരക്ഷിതാവസ്ഥയുടേയും ഇരകൂടിയാണ് അദ്ദേഹം. ഇരുപതാം വയസ്സില്‍ മയക്കുമരുന്നിന്റെ ലോകത്തിലേക്ക് അദ്ദേഹം കൂപ്പുകുത്തിയതും അതുകൊണ്ടുകൂടിയായിരിക്കണം. അതില്‍ നിന്ന് കരകയറി എന്നുള്ളത് നല്ല കാര്യം തന്നെ. ആ അസുരക്ഷിതാവസ്ഥ അദ്ദേഹത്തെ പിന്തുടര്‍ന്നതിന്റെയും കൂടി ഫലമാകാം ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ജഗദ്ദീഷ് പറയുന്നപോലെ സമ്പാദിച്ചത്. അസുരക്ഷിതബാല്യങ്ങളുടെ എണ്ണം കൂടിവരുന്ന വര്‍ത്തമാനയാഥാര്‍ഥ്യങ്ങളുടെ നടുവില്‍ ചിരിക്കുമ്പോഴും വിഷാദം കെട്ടിനില്‍ക്കുന്ന സഞ്ജയ് ദത്തിന്റെ കണ്ണകള്‍ ഈ ബഹളത്തിനിടയിലും നമ്മോട് സംസാരിക്കുന്നുണ്ട്. പൈങ്കിളിവികാരങ്ങളുടെ മാനദണ്ഡങ്ങളുടെ പിന്നാലെ പായുമ്പോഴാണ് ജന്മം നല്‍കിയ കുഞ്ഞുങ്ങളെ അവരാവശ്യപ്പെടുന്നതും അതില്‍ കൂടുതലും വാരിക്കോരിക്കൊടുത്ത് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയെന്ന ധാരണയില്‍ രക്ഷിതാക്കള്‍ പരക്കംപായുന്നത്. അത്തരം പൈങ്കിളിലോകത്തിന്റെ തടവറയ്ക്കുള്ളിലകപ്പെടുത്താനേ സഞ്ജയ് ദത്തിന്റെ ശിക്ഷ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയുള്ള മീഡിയാ കാമ്പയിന്‍ അഥവാ മാധ്യമ പരിശ്രമം സഹായിക്കുകയുള്ളു. മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്തില്‍ പ്രത്യക്ഷമായി കത്തിവയ്ക്കുന്നത് കാണാന്‍ എളുപ്പമാണ്. എന്നാല്‍ ഇത്തരം സമീപനങ്ങള്‍ ജനാധിപത്യവ്യവസ്ഥയിലെ പരിപാവന സ്ഥാപനങ്ങളെ നിര്‍വീര്യമാക്കുന്നതോടോപ്പം പരോക്ഷമായി മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തികൂടിയാണിത്.

 

 

Tags: