ആന്റണിയുടെ ആദര്‍ശവും നിലപാടും

Mon, 25-03-2013 09:15:00 PM ;

AK Antony, chopper deal,12 AW-101 helicopters, AgustaWestlandതീവണ്ടി അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ലാല്‍ബഹദൂര്‍ ശാസ്ത്രി നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒരു ചെറിയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ആദ്യതവണ  കേന്ദ്രത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ഏ.കെ.ആന്റണി രാജിവെച്ചു. ഇപ്പോള്‍ വളരെ ഉറപ്പിച്ചു തന്നെ ഏ.കെ.ആന്റണി പറയുന്നു, താന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധവകുപ്പിന്റെ കീഴില്‍ അഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ആരോ കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്ന്. ആദര്‍ശത്തിന്റെ ആര്‍ജവഭാവത്തോടെ അദ്ദേഹം കടുപ്പിച്ചു പറയുന്നു അഴിമതി നടത്തിയവര്‍ എത്ര ശക്തരായാലും കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന്.

ഏ.കെ.ആന്റണിയും  ആദര്‍ശവും തല്ക്കാലം അവിടെ നില്‍ക്കട്ടെ. വിവിഐപികള്‍ക്കുള്ള പന്ത്രണ്ട് ഹെലിക്കോപ്റ്ററുകള്‍ 3600 കോടി രൂപ ചെലവഴിച്ച് ഇറ്റലിയിലെ കമ്പനിയില്‍ നിന്ന് വാങ്ങിയതില്‍ 362 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള വകുപ്പ് ഭരിക്കുക എന്നതാണ് അദ്ദേഹത്തില്‍ ഭരണഘടനയിലൂടെ ഇന്ത്യന്‍ ജനത നിക്ഷിപ്തമാക്കിയിരിക്കുന്ന ഉത്തരവാദിത്വം. അദ്ദേഹത്തിന്റെ വകുപ്പിന്റെ കീഴിലാണ് അഴിമതി നടന്നത്. അതിന് അദ്ദേഹത്തിന് ഉത്തരവാദിത്വമില്ലെന്നാണ് പരോക്ഷമായി ആന്റണി പറയുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനത്തിലൂടെ തന്റെ ആദര്‍ശമുഖത്തെ അദ്ദേഹം ഒന്നുകൂടി പ്രകാശിപ്പിക്കാനും ശ്രമിച്ചത്. ശരിയായിരിക്കാം, അദ്ദേഹം വ്യക്തിപരമായി സാമ്പത്തികനേട്ടമുണ്ടാക്കിക്കാണില്ല. പ്രതിരോധവകുപ്പിലെയന്നല്ല ഏതൊരു വകുപ്പിലെ ക്ലാസ്സഫോര്‍ ജീവനക്കാരനുപോലും അറിയാവുന്ന വസ്തുതയാണ് ഇത്തരം ഇടപാടുകളില്‍ കോഴ നടക്കുമെന്നുള്ളത്. പരസ്യമായ രഹസ്യം. എന്തുകൊണ്ട് അത് തടയുന്നതിന് ആന്റണിക്കു കഴിഞ്ഞില്ല. മാത്രമല്ല ഇറ്റലി സര്‍ക്കാരിന്റെ അന്വേഷണത്തിലാണ് കോഴക്കാര്യം തെളിഞ്ഞതും.

ഏ.കെ.ആന്റണിയുടെ വിമര്‍ശകനായ ഒരു പ്രമഖ മാധ്യമപ്രവര്‍ത്തകന്‍ എപ്പോഴും പറയാറുള്ള വസ്തുതയാണ് ആന്റണിയുടെ എക്കാലത്തേയും രാജി മറ്റൊരു ഉയര്‍ന്ന സ്ഥാനത്തേക്കുള്ള കയറ്റത്തിന്റെ ഭാഗമായിട്ടാണെന്ന്. ചരിത്രം പരിശോധിക്കുമ്പോള്‍ കാണുന്നതും അങ്ങിനെതന്നെ. ആ പത്രപ്രവര്‍ത്തകന്‍ ഇപ്പോഴത്തെ കോഴവിവാദം പുറത്തുവന്ന അന്നു തന്നെയുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുകയുണ്ടായി, ആന്റണി രാജിവയ്ക്കില്ല എന്ന്. അതിന് അദ്ദേഹം നിരത്തിയ കാരണങ്ങള്‍ ലളിതം. ഇനി തല്‍ക്കാലം അദ്ദേഹത്തിന് പ്രതീക്ഷിക്കാന്‍ പറ്റുന്ന സ്ഥാനം ഇപ്പോള്‍ ഒഴിവില്ല. കാരണം രാഷ്ട്രപതിയായി പ്രണാബ് കുമാര്‍ മുഖര്‍ജി റെയിസിനാ ഹില്‍സില്‍ താമസം തുടങ്ങിയിട്ട് അധിക നാളായില്ല. ആ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് ശരിയാകുന്നു.

ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്. ന്യായന്യായങ്ങള്‍ നിരത്തിയിട്ടോ പ്രണാബ് മുഖര്‍ജി മന്ത്രിയായിരുന്നപ്പോള്‍ ധാരണയായ കരാറാണെന്നോ പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ആന്റണി  വളരെ അനാരോഗ്യകരമായ കീഴ്വഴക്കം കൂടി സൃഷ്ടിക്കുകയാണ്. അഴിമതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധാര്‍മികതയോ, സത്യസന്ധതയോ ഉണ്ടാവില്ല. നാളെ ഏതെങ്കിലും വകുപ്പില്‍ അഴിമതി നടക്കുകയാണെങ്കില്‍ വകുപ്പുമന്ത്രിക്ക്  സര്‍വീസിലുള്ളതോ വിരമിച്ചതോ ഉദ്യോഗസ്ഥരെ ബലിയാടാക്കി, കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് സസുഖം വാഴാം. ആദര്‍ശത്തിന്റെ മാനദണ്ഡങ്ങളെ സമൂഹമനസ്സില്‍ വളച്ചൊടിച്ച് ആദര്‍ശത്തെക്കുറിച്ചുള്ള വികലമായ ധാരണ സൃഷ്ടിക്കുന്നതിനെ എന്തായി ചിത്രീകരിക്കാം  എന്നും ആലോചിച്ചു നോക്കാവുന്നതാണ്.

Tags: