സ്വേച്ഛാധിപതിയെ കാത്തിരിക്കുന്ന ജനം?

Mon, 01-04-2013 04:45:00 PM ;

ബി.ജെ.പി. പാര്‍ലിമെന്ററി ബോര്‍ഡ് പുന:സംഘടന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഡല്‍ഹി ആരോഹണത്തിന്റെ ഏറ്റവും പുതിയ പടിയായി മാറി. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയങ്ങള്‍ രൂപീകരിക്കുന്ന പരമോന്നത സമിതിയിലേക്ക് മോഡി തിരിച്ചെത്തുന്നത്. മാത്രമല്ല, തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന അമിത് ഷായെ ജനറല്‍ സെക്രട്ടറി പദത്തില്‍ അവരോധിക്കാനും മോഡിക്ക് കഴിഞ്ഞു. രണ്ട് കപട എന്‍കൌണ്ടര്‍ കൊലപാതകങ്ങളില്‍ കുറ്റാരോപിതനായി മന്ത്രിസഭയില്‍ നിന്ന് രാജി വെക്കേണ്ടി വന്നയാളാണ് ഷാ. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് പേരുകേട്ട ഉമാഭാരതി, വരുണ്‍ ഗാന്ധി എന്നിവരും സ്മൃതി ഇറാനിയെപ്പോലുള്ള മോഡി വിശ്വസ്തരും ഭാരവാഹി പട്ടികയിലുള്‍പ്പെടുമ്പോള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രചാരണം മോഡിയുടെ രീതിയില്‍ ആയിരിക്കുമെന്ന് തീര്‍ച്ചയാവുകയാണ്.

 

പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ പാര്‍ട്ടിക്കകത്ത് മോഡിയുടെ സ്വീകാര്യതക്ക് നേരെ ഇനി ചോദ്യങ്ങള്‍ ഉയരുക വിരളമായിരിക്കും. പ്രധാനമായും രണ്ട് കാരണങ്ങളാണ് പാര്‍ട്ടിയില്‍ മോഡിക്ക് അപ്രമാദിത്വം നല്‍കുന്നത്. ഒന്ന്‍, പാര്‍ട്ടിയിലെ മോഡിയുടെ എതിരാളികള്‍ക്ക് പൊതു സമൂഹത്തിലെ മോഡി വിരുദ്ധരുമായി ഐക്യപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നത്. രണ്ട്, മോഡി സൃഷ്ടിച്ച വികസന പ്രതിച്ഛായക്ക് പൊതു സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന അംഗീകാരം.

 

2002 ലെ കലാപത്തിനു ശേഷം മോഡിക്ക് നേരെ തുടര്‍ച്ചയായി നടന്ന പ്രചരണം മോഡിക്ക് ഒരര്‍ത്ഥത്തില്‍ ഉര്‍വശീ ശാപമായി മാറി എന്ന് കാണാം. മോഡിയിലൂടെ ബി.ജെ.പിയെ ആയിരുന്നു ഈ പ്രചരണം ലക്ഷ്യമിട്ടത്. തീര്‍ച്ചയായും ബി.ജെ.പിക്ക് എവിടെ വരെ പോകാന്‍ കഴിയും എന്നതിന്റെ ഉദാഹരണം ആയിരുന്നു ഗുജറാത്ത് കലാപം. പക്ഷെ, ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ ഈ പാര്‍ട്ടിയില്‍ വരുത്തിയ രൂപ പരിണാമങ്ങളെ വേണ്ടവിധം  കണക്കിലെടുക്കാന്‍ മോഡി വിരുദ്ധ പ്രചാരകര്‍  തയ്യാറായില്ല. 1984ലെ സിഖ് കലാപത്തിന് കോണ്‍ഗ്രസ് ഖേദപ്രകടനം നടത്തണം എന്നവശ്യപ്പെടുമ്പോള്‍ ഗുജറാത്തില്‍ അത് മോഡിയുടെ ഉത്തരവാദിത്വമായി മാറി. 1984ലെ കലാപത്തില്‍ സജ്ജന്‍ കുമാറിനെപ്പോലെയുള്ള നേതാക്കളേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും വേര്‍തിരിച്ച് കണ്ടപ്പോള്‍ ഗുജറാത്തില്‍ മോഡിയെന്നാല്‍ ബി.ജെ.പിയും ബി.ജെ.പിയെന്നാല്‍ മോഡിയുമായി. ഈ പ്രചരണം മോഡിയെ ബി.ജെ.പിയുടെ മുഖം ആയി പ്രതിഷ്ഠിച്ചു. വാജ്‌പേയിയുടെ വിലാപങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, പാര്‍ട്ടിക്കകത്ത് മോഡി ഉത്തരം പറയേണ്ട ഒരു സാധ്യത അടയുകയായിരുന്നു ഈ പ്രചാരണത്തിലൂടെ.

 

ഇങ്ങനെ മോഡിയെ ബി.ജെ.പിയുടെ പ്രതിബിംബമാക്കുന്നത് ആ പാര്‍ട്ടിയെ തൊട്ടുകൂടായ്മ കല്‍പ്പിച്ച് ഒറ്റപ്പെടുത്താന്‍ സഹായകമായിരുന്നു. പക്ഷെ, ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പാര്‍ട്ടിയെ നിങ്ങള്‍ക്ക് എവിടെ വരെ മാറ്റിനിര്‍ത്താം? തീര്‍ച്ചയായും വ്യവസ്ഥക്ക് പുറത്തേക്ക് പറ്റില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍  രാഷ്ട്രീയ വ്യവസ്ഥ തങ്ങള്‍ക്കനുകൂലമാക്കാനുള്ള സാധ്യത ജനാധിപത്യം ഏതു പാര്‍ട്ടിയെയും പോലെ ബി.ജെ.പിക്കും നല്‍കുന്നുണ്ട്. ഇവിടെ, മോഡിയുടെ പേരില്‍ ബി.ജെ.പിക്ക് അസ്പ്രുശ്യത കല്‍പ്പിച്ചപ്പോള്‍ ആ അസ്പ്രുശ്യതയില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനുള്ള ദൗത്യം സ്വാഭാവികമായി മോഡിയില്‍ വന്നു.   

 

വികസനം എന്ന മുദ്രാവാക്യമാണ് മോഡി അതിനായി സ്വീകരിച്ചത്. കാരണം, വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന പൊതു ധാരണ 1991 ന് ശേഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. വികസനത്തിന്റെ അളവുകോലുകളും ഇവിടെ അംഗീകരിക്കപ്പെട്ടിരുന്നു. നവ ഉദാര സാമ്പത്തിക നയമായിരുന്നു അതിന്റെ അടിസ്ഥാനം. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ നിയന്ത്രിക്കുന്ന ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ആയിരുന്നു അതിന്റെ പ്രായോജകര്‍. പരിസ്ഥിതിക്കോ തദ്ദേശ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കോ പരിഗണന നല്‍കാത്ത നഗര കേന്ദ്രിത അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ഈ നയം തന്നെയാണ് മോഡിയും പിന്തുടര്‍ന്നത്. ഇവിടെ മോഡിയെ മാറ്റിനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.

 

അതേസമയം, മോഡിയുടെ വികസന നയത്തെ എതിര്‍ക്കാന്‍ പറ്റില്ല എന്ന് വരുമ്പോള്‍ വികസന രീതികളിലും മോഡി പുലര്‍ത്തുന്ന സ്വേച്ഛാധികാര പ്രവണതകള്‍ ശക്തമായി എതിര്‍ക്കപ്പെട്ടു. ഈ പ്രചാരണത്തോടും മോഡി പ്രതികരിച്ചില്ല. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്നത്, നേരത്തെ തന്നെ ഇന്ത്യയില്‍ നരസിംഹ റാവു-മന്‍മോഹന്‍ സിങ്ങ് ദ്വയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ നിന്ന് നവ ഉദാര മുതലാളിത്തത്തിലേക്കുള്ള പരിണാമമാണ് അവര്‍ കൊണ്ട് വന്നതെങ്കില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിന്ന് നെഹ്‌റു കുടുംബവാഴ്ച എന്ന എലിയെ തുരത്താനുള്ള പൂച്ചയായി മോഡി സ്വയം അവരോധിക്കുകയാണ്. അതായത്, വികസന മുദ്രാവാക്യത്തിലൂടെ ലഭിക്കുന്ന സമ്മതി, തന്റെ രീതി കറുത്തതോ വെളുത്തതോ എന്ന പരിശോധനയെ മറികടക്കാന്‍ മോഡിയെ സഹായിക്കുന്നു. മാത്രവുമല്ല, സ്വേച്ഛാധികാരത്തെ മനസ്സ് കൊണ്ടംഗീകരിക്കുന്ന ഒരു സാമൂഹ്യ സ്ഥിതിയാണ് നിലവിലുള്ളതെന്ന് മോഡി തിരിച്ചറിയുന്നുണ്ട്. പട്ടാളം വന്നാലേ ഇവിടെ കാര്യങ്ങള്‍ നേരെയാവൂ, സൗദി അറേബ്യയിലെ പോലെയുള്ള ശിക്ഷാ രീതികള്‍ വരണം എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ മോഡിയുടെ സൃഷ്ടിയല്ല. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവരുടെ ലിംഗം മുറിക്കണം, അവര്‍ക്ക് വധശിക്ഷ നല്‍കണം എന്നൊക്കെ ആവശ്യപ്പെട്ടു പ്രകടനം നടത്തിയവരെ മോഡി ഇറക്കിയതുമല്ല. എന്നാല്‍, ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന ജനം, വിരോധാഭാസമാണെങ്കിലും, തന്റെ വോട്ടുബാങ്കാണ് എന്ന് തിരിച്ചറിയുന്ന രാഷ്ട്രീയക്കാരനാണ് മോഡി. ജനാധിപത്യം മാത്രം തുറന്നു തരുന്ന ഒരു അവസരം.

 

ചുരുക്കത്തില്‍, മോഡിക്കെതിരെ നടന്ന പ്രചാരണങ്ങള്‍, ആദ്യം ഗുജറാത്ത് കലാപത്തിന്റെ പേരിലും പിന്നീട് സ്വേച്ഛാധികാര പ്രവണതകളുടെ പേരിലും, മോഡിക്ക് അനുകൂലമായി മാറുകയായിരുന്നു. ആദ്യത്തേത് ബി.ജെ.പി. എന്ന പാര്‍ട്ടിയെ മോഡിയുടെ കൈവെള്ളയില്‍ വെച്ചു കൊടുത്തപ്പോള്‍ രണ്ടാമത്തേത് ഇന്ത്യ നേരിടുന്ന ജനാധിപത്യത്തിലുള്ള വിശ്വാസ ശോഷണത്തെ അഭിസംബോധന ചെയ്യാതെ, അതിനെ ഉപയോഗിക്കാനുള്ള അവസരം മോഡിക്ക് തുറന്നു കൊടുത്തു. രണ്ടും ഇന്ത്യന്‍ ജനാധിപത്യത്തിനു ശുഭസൂചകമല്ല. അടുത്ത പൊതു തിരഞ്ഞെടുപ്പും, ഒരു പക്ഷെ അതിനു ശേഷമുള്ള കാലയളവും, പക്വത എത്തി എന്ന് നാം കരുതുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ കാലമായേക്കും. പക്ഷെ, ഈ ജനാധിപത്യ പ്രശ്നത്തിനു, ഒന്നുകില്‍ മോഡി കൂടി ഭാഗമായ ഒരു പരിഹാരം അല്ലെങ്കില്‍ പ്രശ്നത്തിന്റെ ഭാഗമായി തുടരുന്ന മോഡി, എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി എന്നത് തല്കാലത്തേക്കെങ്കിലും മോഡിയുടെ വിജയമാണ്.  

Tags: