വികിലീക്സ് രേഖകള്‍ ഓര്‍മിപ്പിക്കുന്നത്

Wed, 10-04-2013 12:15:00 PM ;

indira gandhi with sons, rajiv and sanjay

വികിലീക്സ് കേബിളുകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചാ വിഷയമാകുകയാണ്. 1974നും 1976നും ഇടയില്‍ വിവിധ രാജ്യങ്ങളിലുള്ള യു.എസ്സ്. സ്ഥാനപതി കാര്യാലയങ്ങള്‍ അയച്ച 17 ലക്ഷം രേഖകള്‍ ആണ് ഇത്തവണ പുറത്തുവന്നിരിക്കുന്നത്. അക്കാലയളവില്‍ യു.എസ്സ്. വിദേശകാര്യ സെക്രട്ടറി ആയിരുന്ന ഹെന്‍റി കിസ്സിങ്ങറുടെ പേരില്‍ കിസ്സിങ്ങര്‍ കേബിള്‍സ് എന്നാണ് രേഖകള്‍ അറിയപ്പെടുന്നത്. യു.എസ്സ്. സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുള്ള രേഖകള്‍ ആണ് ഇവയെങ്കിലും പബ്ലിക് ലൈബ്രറി ഓഫ് യു.എസ്സ്. ഡിപ്ലോമസി എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ തിരയാന്‍ സൌകര്യത്തിന് ലഭ്യമാക്കിയിരിക്കുകകയാണ് വികിലീക്സ്. ലോകത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളോടൊപ്പം ഇന്ത്യയില്‍ ‘ദ ഹിന്ദു’ ദിനപത്രമാണ്‌ രേഖകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

 

ന്യൂഡല്‍ഹിയിലെ യു.എസ്സ്. കാര്യാലയത്തില്‍ നിന്നയച്ച രേഖകളില്‍ പ്രധാനമായും വാര്‍ത്തയായത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മക്കള്‍, രാജീവും സഞ്ജയും, പ്രതിരോധ-വിമാന ഇടപാടുകളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരമാണ്. സ്വീഡിഷ് കമ്പനിയുമായുള്ള ഇടപാടില്‍ അന്ന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികന്‍ ആയി ജോലി നോക്കിയിരുന്ന രാജീവ്‌ ഗാന്ധിയും ബ്രിട്ടിഷ് കമ്പനിക്ക് വേണ്ടി സഞ്ജയ്‌ ഗാന്ധിയുടെ മാരുതിയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് യു.എസ്സ്. രേഖകള്‍ വെളിപ്പെടുത്തുന്നത്.

 

ഒരു സേനാ മേധാവി തന്നെ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഈ കാലത്ത് ഈ വാര്‍ത്തകളില്‍ പുതുമ തോന്നണമെന്നില്ല. ഓഡിറ്റിംഗ് ബാധകമല്ലാത്ത പ്രതിരോധ മേഖലയില്‍ കമ്മീഷന്‍ എന്ന പേരില്‍ കോഴ വ്യാപകമാണ് എന്നത് പകല്‍ പോലെയുള്ള ഒരു രഹസ്യമാണ്. അഴിമതി രഹിത പ്രതിച്ഛായ ഏക രാഷ്ട്രീയ മൂലധനമായ  ഒരു മന്ത്രിയുടെ കാവലിലും ഇതിനു വ്യത്യാസമില്ല.  ഏറ്റവും ഒടുവില്‍ വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടില്‍ ആരോ കോഴ വാങ്ങിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞുകഴിഞ്ഞു. അവരെ പിടിക്കും എന്നു മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. നേരത്തെ, കരസേനാ മേധാവിയെ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നതറിഞ്ഞ് തലയില്‍ കൈവച്ചിരുന്ന മന്ത്രിയാണിദ്ദേഹം.

 

ഇന്ന്‍ നാം എത്തിനില്‍ക്കുന്ന പതനത്തിലേക്കുള്ള ആദ്യ വീഴ്ചകളാണ് ഈ രേഖകള്‍ വെളിപ്പെടുത്തുന്നത്. ലോക ആയുധ കമ്പോളം വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ ജീവിതത്തെ എങ്ങിനെയാണ് ദുരിതപൂര്‍ണ്ണമാക്കിയത് എന്നതിന്റെ വിവരണങ്ങളാണ് ഈ രേഖകള്‍. രണ്ടാം ലോകമഹാ യുദ്ധാനന്തരം ശീതയുദ്ധത്തിന് സമാന്തരമായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വികസിച്ച മിലിട്ടറി-വ്യവസായ കോംപ്ലക്സുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ വിപണനത്തിനായി വികസ്വര രാജ്യങ്ങളെ യുദ്ധക്കളങ്ങള്‍ ആക്കി. ഓര്‍ക്കുക, സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകളില്‍ നാല് യുദ്ധങ്ങള്‍ ആണ് ഇന്ത്യ നടത്തിയത്. അങ്ങിനെ തങ്ങളുടെ ആയുധങ്ങള്‍ക്ക് വിപണി പിടിച്ചു. അതിനായി രാഷ്ട്രീയ നേതൃത്വങ്ങളെ തരം പോലെ പ്രീണിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വരുതിയിലാക്കി. അങ്ങിനെ സ്വാതന്ത്ര്യസമരങ്ങളുടെ ആദര്‍ശാത്മക പരിസരത്തുനിന്ന് അഴിമതി രാഷ്ട്രീയത്തിലേക്കുള്ള വാതിലുകള്‍ തുറന്നു. പകര്‍ച്ചവ്യാധിയാണ് അഴിമതി എന്നത് കൊണ്ട് തന്നെ രാഷ്ട്രീയത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നും താഴേ തട്ടുകളിലേക്കും ഉദ്യോഗസ്ഥ സംവിധാനത്തിലേക്കും അവിടെ നിന്ന് സമൂഹത്തിന്റെ മറ്റ് മേഖലകളിലേക്കും അത് വ്യാപിച്ചു.

 

നമ്മുടേതടക്കമുള്ള  രാജ്യങ്ങളിലെ ദരിദ്ര ജനതയുടെ ചിലവിലാണ് ഈ ആയുധ ഇടപാടുകള്‍ നടന്നതെന്നും ഇന്നും നടക്കുന്നതെന്നും ഓര്‍മ്മിപ്പിക്കുകയാണ് ഈ രേഖകള്‍. യുദ്ധം മാത്രമല്ല, തീവ്രവാദവും ഇന്ന്‍ ആയുധ കമ്പോളത്തെ നിലനിര്‍ത്തുന്ന ഘടകമാണ്. കാശ്മീര്‍ പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം അകലെയാകുന്നതിന്റെ താല്പര്യങ്ങളും മറ്റൊന്നല്ല.

Tags: