നായരീഴവ ഐക്യം

Sat, 27-04-2013 04:30:00 PM ;

കേരളത്തിലെ മുഖ്യധാരാ ഹിന്ദുസമുദായങ്ങളായ നായരീഴവ സമുദായങ്ങളുടെ സംഘടനകൾ ഔപചാരികമായി മഹാഹിന്ദു ഐക്യത്തിന്റെ പേരില്‍ യോജിച്ചിരിക്കുന്നു. ഇനി താമസിയാതെ മഹാഹിന്ദു ഐക്യപ്രകടനത്തിന് തലസ്ഥാന നഗരിയോ കൊച്ചിയോ വേദിയാകും. കേരളപ്പിറവിക്കുശേഷം ആർ.ശങ്കറും മന്നത്ത് പത്മനാഭനും ശ്രമിച്ചിട്ട് വിജയിക്കാതിരുന്ന കാര്യമാണ് എൻ.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർക്കും എസ്.എൻ.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സാധ്യമായിരിക്കുന്നത്. കേരളചരിത്രത്തിലേക്കുള്ള സംഭവം തന്നെയാണത്.

 

ഐക്യത്തിന്റെ സർഗാത്മകശക്തിയുടേയും സംഘാടകശേഷിയുടേയും തിരിച്ചറിവില്‍ നിന്നല്ല ഇരു സംഘടനകളും യോജിപ്പിലെത്തിയിരിക്കുന്നത്. മറിച്ച് ഹിന്ദുക്കളുടെ നിലനില്‍പ്പ്‌ ഭീഷണിയിലായിരിക്കുന്നുവെന്നും ഇവിടെനിന്ന്‍ പലായനം ചെയ്യുകയല്ലാതെ നിവൃത്തിയില്ലായെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. കേരളത്തിലെ രാഷ്ട്രീയനേതൃത്വം എങ്ങിനെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചുവോ അതേ ലക്ഷ്യത്തില്‍ സമുദായ സംഘടനയെ ഉപയോഗിക്കുക എന്ന സമീപനം തന്നെയാണ് ഇരുനേതാക്കൾക്കും ഉള്ളത്. പക്ഷേ അപകടം അതല്ല. അവർ പറയുന്നതില്‍ ശരിയുണ്ട് എന്ന്‍ നിഷ്പക്ഷരായവർക്കുപോലും തോന്നുന്ന പശ്ചാത്തലം കേരളത്തില്‍ സംജാതമായിരിക്കുന്നു. കേരളത്തില്‍ സംഘപരിവാറും സി.പി.ഐ.എമ്മും സഹകരിച്ചു പ്രവർത്തിക്കണമെന്ന്‍ ആർ.എസ്.എസ്സിന്റെ മുഖപത്രമായ കേസരിയില്‍ ടി.ജി. മോഹൻദാസിന്റേതായി വന്ന ലേഖനം ഈയവസരത്തില്‍ സ്മരണീയമാണ്. ഔപചാരികമായ നായരീഴവ ഐക്യപ്രഖ്യാപനത്തിന്റെ രണ്ടുദിവസം മുൻപ് വർക്കല ശിവഗിരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി എത്തി ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്തതും കൂട്ടിവായിക്കാവുന്നതാണ്.

 

എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂർ കുറച്ചുനാൾ മുൻപ് പറഞ്ഞകാര്യം ഓർക്കുന്നത് നല്ലതാണ്. അദ്ദേഹം പറയുകയുണ്ടായി, ഇവിടെ കേരളത്തില്‍ ന്യൂനപക്ഷങ്ങൾ ഭരണതലത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നുവെന്നും അനർഹമായ ആനുകൂല്യങ്ങൾ അതുപയോഗിച്ചു നേടുന്നുവെന്നും ഒരു ധാരണ പൊതുവേ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒരു പരിധിവരെ ശരിയുമുണ്ട്. കേരളത്തിന്റെ മതസൗഹാർദ, മതേതരത്വ സാമൂഹ്യ അന്തരീക്ഷം നിലനിർത്തുന്നതിന് ഒരു ഹിന്ദു മുഖ്യമന്ത്രിയായി വരേണ്ടത് അത്യാവശ്യമാണ്. ഭൂരിപക്ഷസമുദായം തഴയപ്പെട്ടതായ യാഥാർഥ്യം ഉള്ളതായി യു.ഡി.എഫ് നേതാക്കളും സമ്മതിക്കുന്നു. ഇത് വളരെ നേരത്തേ മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.കെ.ആന്റണി പറയുകയുണ്ടായി. അത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുന്നതിലേക്കുവരെ കാര്യങ്ങളെ എത്തിച്ചു. ആ സാഹചര്യത്തിന്റെ കരുത്താർജിക്കലാണ് ഇപ്പോഴത്തെ യു.ഡി.എഫ് മന്ത്രിസഭയുടെയും വർത്തമാനകേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തേയും സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ പ്രധാന ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വം തന്നെയാണ്.

 

വർഗീയത മുഖ്യമാനദണ്ഡമായി, സാമാന്യമര്യാദകൾ പോലും പാലിക്കാതെയാണ് ഓരോ ഔദ്യോഗികസ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതും. ഇതു നിഷേധിക്കാനാകാത്തവിധം പ്രകടമാണ്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് ഔദ്യോഗിക മന്ദിരത്തിന്റെ പേരായ ഗംഗയില്‍ പോലും വർഗീയത കണ്ടു. അത് മായിക്കാനുള്ള ധൈര്യം കേരളത്തിലെ രാഷ്ട്രീയസാഹചര്യം നല്‍കുകയും ചെയ്തു. ന്യൂനപക്ഷ വർഗീയതയുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷ വർഗീയത ശക്തി പ്രാപിക്കുമെന്നത് സ്വാഭാവികം. അതിവിടെ സംഭവിച്ചിരിക്കുന്നു. ജാതി-മത ചിന്തകൾക്കതീതരായവർപോലും സുകുമാരൻനായരും വെള്ളാപ്പള്ളിയും പറയുന്നതിലെ ശരി കണ്ട് തലകുലുക്കുന്നു. അവർക്കു പിന്നില്‍ വെറും സംഘടനാശക്തി മാത്രമാണെന്ന്‍ കരുതിയാല്‍ അത് മൗഢ്യം. ഈ സാഹചര്യത്തെ എങ്ങനെ തങ്ങൾക്ക് അനുകൂലമായ വോട്ടാക്കി മാറ്റാമെന്ന ചിന്തയിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കടന്നു കഴിഞ്ഞതിന്റെ സൂചനകൾ വ്യക്തം. ഈ സാഹചര്യസൃഷ്ടിക്ക് അവർക്കും തുല്യമായതോ അതിനേക്കാളുപരിയായോ ഉള്ള ഉത്തരവാദിത്വമാണുള്ളത്. ചരിത്രപരമായിപ്പോലും. അമ്പതുവർഷത്തിനു ശേഷം മാത്രമാണോ ശ്രീനാരായണഗുരുവിലും ശിവഗിരിയിലും മതേതരത്വം കാണാൻ കേരളത്തിലെ സി.പി.ഐ.എമ്മിനു കഴിഞ്ഞുള്ളൂ എന്ന ചോദ്യം ആ പാർട്ടിയുടെ ചരിത്രപരമായ (നിരു)ഉത്തരവാദിത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

വർഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും തികഞ്ഞ അജ്ഞതയില്‍ നിന്നാണ് ഉയിർകൊള്ളുന്നത്. അക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവേണ്ടതില്ല. ആ ആന്ധ്യത്തിലേക്ക് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ തെളിഞ്ഞുവരുന്നത്. കുടുംബം, സമൂഹം എന്ന നിലകളില്‍ അടിത്തറയിളക്കുന്ന ഒട്ടേറെ ഗുരുതരമായ രോഗാവസ്ഥയിലൂടെ കേരളം കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് ഈ ആന്ധ്യത്തിലേക്ക് ആവേശപൂർവം കേരള ജനത എറിയപ്പെടുന്നത്. ജീർണത അതിന്റെ മൂർധന്യത്തിലെത്തുമ്പോൾ അവിടെനിന്ന്‍ ഒരു പുത്തൻ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. അതുകൊണ്ട് ദു:ഖത്തിന്റെ ആവശ്യമില്ലെന്ന്‍ മാത്രം. അതുവരെയുള്ള കാലം അവിടം വരെയെത്താനുള്ള വഴിയായി കാണാം. വഴിയോരക്കാഴ്ചകൾ ബഹുവിധമായതു കാണാം. പുത്തൻകാഴ്ചകൾ കണ്ട് ആസ്വദിച്ച് മുന്നേറുകയല്ലാതെ തല്‍ക്കാലം വേറെ നിവൃത്തിയില്ല.

Tags: