ബാലകൃഷ്ണപിള്ളക്ക് ക്യാബിനറ്റ് പദവി ജനാധിപത്യമല്ല

Tue, 21-05-2013 10:30:00 AM ;

ആർ. ബാലകൃഷ്ണപിള്ളയെ രാജ്യത്തെ പരമോന്നത കോടതിയാണ് അഴിമതിക്കേസ്സിൽ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്. ആ ശിക്ഷ പോലും പിള്ള അനുഭവിച്ചില്ല. ഉമ്മന്‍ ചാണ്ടി സർക്കാർ പിള്ളയുടെ ആവശ്യപ്രകാരം ആശുപത്രിയിൽ കിടക്കാൻ സൗകര്യം ഒരുക്കുകയും പിന്നീട്‌ സര്‍ക്കാറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജയിൽ മോചിതനാക്കുകയും ചെയ്തു. അഴിമതിക്കേസ്സിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെയാണ് ഇപ്പോള്‍ ഉമ്മൻ ചാണ്ടി സർക്കാർ ക്യാബിനറ്റ്‌ പദവിയോടെ മുന്നോക്ക ക്ഷേമകാര്യ കമ്മീഷൻ ചെയര്‍മാനായി നിയമിക്കാൻ പോകുന്നത്‌.

 

പിള്ളയുടെ ശിക്ഷാകാലാവധി രണ്ടു വർഷത്തിൽ കൂടുതലല്ലാതിരുന്നതിനാൽ സാങ്കേതികമായി പിള്ളയെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ഉമ്മൻ ചാണ്ടിക്കു പറഞ്ഞുനിൽക്കാൻ കഴിഞ്ഞെന്നിരിക്കും. എന്നാൽ സുപ്രീം കോടതി കുറ്റക്കാരനെന്നു വിധിച്ച്‌ ശിക്ഷിച്ച ഒരാളെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പദവിയില്‍ നിയമിക്കുന്നതെന്നു ചോദിച്ചാല്‍ എന്തുത്തരം ഉമ്മൻ ചാണ്ടി നൽകിയാലും അതുത്തരമാവുകയില്ല. ധാർമ്മികതക്കുപരി സത്യപ്രതിജ്ഞാലംഘനം കൂടിയാണ് ഉമ്മൻ ചാണ്ടി നടത്തുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന വഴിയും ഇതാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നത് ആപൽക്കരമാണ്. അത്തരം ഘട്ടങ്ങളിലാണ് അസ്വസ്ഥമനസ്സുകൾ തീവ്രവാദത്തിലേക്കും അതുപോലുള്ള അനാശാസ്യ പ്രവണതകളിലേക്കും തിരിയുക.

 

മാത്രമല്ല, കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തി ശിക്ഷിച്ച ഒരാളെ ക്യാബിനറ്റ്‌ മന്ത്രിക്കു തത്തുല്യമായ സ്ഥാനത്തു നിയമിക്കുന്ന സര്‍ക്കാറില്‍ നിന്ന് നീതിയുക്തമായ തീരുമാനങ്ങളും നടപടികളും ആർക്കും പ്രതീക്ഷിക്കാൻ സാധ്യമല്ല. സ്ഥിരബുദ്ധിയുള്ള ആരും അങ്ങിനെ ചിന്തിക്കുകയുമില്ല.

 

അഴിമതി സംബന്ധിച്ച് ഈ സര്‍ക്കാറിന്റെ സുവ്യക്തമായ നയപ്രഖ്യാപനം കൂടിയാവും പിള്ളയുടെ നിയമനം. ഇതു സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലും പുറത്തു നിൽക്കുന്ന തൽപരകക്ഷികളുടെയിടയിലും ഉണ്ടാക്കുന്ന ധാരണ അഴിമതിക്ക് എറ്റവും അനുയോജ്യമായ സാഹചര്യം എന്നതാവും. സേവനാവകാശ നിയമം പോലുള്ള നടപടികള്‍ സ്വീകരിച്ച സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയും ഇത് ചോദ്യം ചെയ്യും. മേയ്‌ 17-ന് നടന്ന യു.ഡി.എഫ്‌ തീരുമാനപ്രകാരം പിള്ള നിയമിക്കപ്പെടുകയാണെങ്കിൽ അതു, ഒരുപക്ഷെ, സ്വതന്ത്ര ഇന്ത്യയിൽ  അരങ്ങേറുന്ന ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാകും. കോൺഗ്രസ്സിന് ഇതിന്റെ വില നൽകേണ്ടിവരുമെങ്കിലും അതേൽപ്പിക്കുന്ന ആഘാതത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കും.

Tags: