ഉമ്മന്‍ ചാണ്ടി നടത്താത്ത പ്രസ്താവന

Fri, 24-05-2013 04:00:00 PM ;

“കെ.പി.സി.സി. അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ഈ വിഷയത്തില്‍ രമേശും ഞാനും ചര്‍ച്ച നടത്തിയെങ്കിലും ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഖേദകരമാണ്. ഇവ പരിഹരിച്ച് സര്‍ക്കാറിന്റേയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കും.”   - ഉമ്മന്‍ ചാണ്ടി

 

oommen chandyകേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്താത്ത, നടത്താമായിരുന്ന  പ്രസ്താവനയാണിത്. മന്ത്രിസഭാ പുന:സംഘടന ഉണ്ടായേക്കുമെന്ന രീതിയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയെന്നാണ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. കളവാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തമാക്കി.  മുഖ്യമന്ത്രി കളവ് പറയുന്നതിന്റേയും ആ കളവ് മാധ്യമങ്ങളുടെ മേല്‍ ആരോപിക്കുന്നതിന്റേയും സാമൂഹ്യ-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കഴിഞ്ഞ ദിവസം നമ്മള്‍ വിലയിരുത്തിയതാണ്.

 

എന്താണ് ഉമ്മന്‍ ചാണ്ടിയെ വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്? താന്‍ നയിക്കുന്ന കാലത്തിലല്ല ഉമ്മന്‍ ചാണ്ടി ജീവിക്കുന്നത് എന്ന് വേണമെങ്കില്‍ ഇതിനു മറുപടി പറയാം. ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ടുവരുന്ന ഏറ്റവും പ്രധാന സാമൂഹ്യമാറ്റമാണ് സുതാര്യത. ഈ കാലഘട്ടത്തിന്റെ അടയാളവും അതുതന്നെ. ഇത് മനസ്സിലാക്കുകയും സുതാര്യതയെ പ്രചാരണ ആയുധമാക്കുകയും ചെയ്ത  രാഷ്ട്രീയ നേതാവാണ്‌ ഉമ്മന്‍ ചാണ്ടി. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവും അതാര്യമായ രീതി പിന്‍പറ്റുന്ന ശൈലിയുമാണ് അദ്ദേഹത്തിന്റേത്. 24 മണിക്കൂര്‍ ന്യൂസ്‌ചാനലുകള്‍ പൊതുപ്രവര്‍ത്തകരുടെ ഓരോ നിമിഷത്തേയും പിന്തുടരുന്ന ഒരവസ്ഥയില്‍ മുഖ്യമന്ത്രിയുടെ രീതികള്‍ അദ്ദേഹത്തേയും പാര്‍ട്ടിയേയും പരിഹാസ്യമാക്കുകയാണ് കൂടുതല്‍ ചെയ്യുന്നത്.

 

കോണ്‍ഗ്രസിലെ തന്ത്രജ്ഞനായ ഗ്രൂപ്പ് നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍, കേരളത്തിലെ മുഖ്യമന്ത്രി ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വര്‍ഷങ്ങളായി പരിചയിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രീതികളില്‍ നിന്ന് പുറത്തുവരേണ്ടിയിരിക്കുന്നു. പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമായി മാറ്റാനാണ് എല്ലാ നേതാക്കളും ശ്രമിക്കുക. ആത്മവിശ്വാസമുള്ള, സത്യസന്ധമായ നേതൃത്വം പക്ഷെ,  പ്രതികൂലമായ സാഹചര്യങ്ങളെ അംഗീകരിക്കുന്നതിന് മടികാട്ടില്ല.  വഴിയില്‍ മുള്ളുകളുമുണ്ടെന്ന് കുട്ടികളോട് പറയാത്ത മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കുകയല്ല. സമൂഹത്തില്‍ നേതൃത്വ മാതൃകകള്‍ ആകേണ്ടവരും മറ്റൊന്നല്ല ചെയ്യേണ്ടത്.

 

ആദര്‍ശ വാദമാണ്, യാഥാര്‍ത്ഥ്യവാദമല്ല, തന്റെ വിദേശനയത്തിന്റെ അടിസ്ഥാനം  എന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ ആദര്‍ശവാദം നാളെയുടെ യാഥാര്‍ത്ഥ്യവാദമാണ് എന്ന മറുപടി നല്‍കിയത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. സുതാര്യവും സത്യസന്ധവുമായ വാക്കും പ്രവൃത്തിയും ഇന്ന്‍ ഒരു പഴയകാല ആദര്‍ശമല്ല. സമൂഹത്തിന്റെ ജീവിതരീതിയാണ്. മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ സമൂഹത്തിലെ വിവിധ ഘടകങ്ങളില്‍, രാഷ്ട്രീയവും മാധ്യമങ്ങളുമടക്കം, ഗുണപരമായ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന് അതിടയാക്കും. അതിന് പ്രേരകമായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സ്ഥാനത്തും സമയത്തുമാണ് ഇന്ന്‍ ഉമ്മന്‍ ചാണ്ടി ഇരിക്കുന്നത്. ഈ അവസരം നഷ്ടപ്പെടുത്തുകയാണെങ്കില്‍ രാഷ്ട്രീയവും സമൂഹവും തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ധിക്കും. ഈ അവസരം ഉപയോഗിക്കുകയാണെങ്കില്‍ ഒരു പുതിയ രാഷ്ട്രീയം ഇവിടെ രൂപപ്പെടും. കേരളം ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തെ കാത്തിരിക്കുന്നു.

Tags: