ജനാധിപത്യ വ്യവസ്ഥയും രഹസ്യ ഭരണകൂടവും

Sun, 09-06-2013 01:15:00 PM ;

വര്‍ത്ത‍മാന കാലത്തെ നാം അടയാളപ്പെടുത്തുന്നത് ഡിജിറ്റല്‍ യുഗമായാണ്. ഈ കാലത്തിന്റെ പ്രധാന സവിശേഷത അത് സാധ്യമാക്കുന്ന വിര്‍ച്വല്‍ ലോകമാണ്. ഒരേസമയം രണ്ടുലോകങ്ങളില്‍ വ്യാപരിക്കാന്‍ അത് നല്‍കുന്ന അവസരമാണ്. നിങ്ങള്‍ ജീവിക്കുന്ന ഭൗതികലോകത്തില്‍ തന്നെയാണ് ഈ വിര്‍ച്വല്‍ ലോകം നിങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍, ഭൗതികലോകത്തില്‍ നിന്ന്‍ വ്യത്യസ്തമായ രീതിയില്‍ വ്യാപരിക്കാന്‍, മറ്റൊരു വ്യക്തി തന്നെയായി മാറാന്‍ വിര്‍ച്വല്‍ ലോകത്ത് നിങ്ങള്‍ക്ക് സാധിക്കും. ഇത് വ്യക്തിയിലും സമൂഹത്തിലും പുതിയ സാധ്യതകള്‍ തുറക്കുന്നു. എന്നാല്‍, ഈ സാധ്യതകളെ വെല്ലുവിളിയായി കാണുകയാണ്, ദൗര്‍ഭാഗ്യവശാല്‍ ലോക ഭരണകൂടങ്ങള്‍.

 

ആശയവിനിമയ മേഖലയില്‍ കേന്ദ്രീകരിക്കുന്ന യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ പ്രമുഖ വെബ്‌ കമ്പനികളുടെ സെര്‍വറുകളില്‍ നിന്ന് വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, സ്കൈപ്പ് തുടങ്ങിയ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് കമ്പനികളെല്ലാം എന്‍.എസ്.എയുടെ പ്രിസം എന്ന പദ്ധതിയുടെ ഭാഗമാണെന്നാണ് വാഷിങ്ങ്ടന്‍ പോസ്റ്റ്‌, ഗാര്‍ഡിയന്‍ എന്നീ പത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനകത്തെ ടെലിഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായ വാര്‍ത്ത അധികൃതര്‍ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. കമ്പനികള്‍ ഇത് നിഷേധിച്ചെങ്കിലും ഇന്റലിജന്‍സ് ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ വാര്‍ത്ത ശരിവെക്കുകയും എന്നാല്‍, വിവരശേഖരണം നിയമാനുസൃതമാണെന്ന് വാദിക്കുകയുമാണ് ചെയ്തത്.

 

ലോകം മുഴുവന്‍ പരന്നുകിടക്കുന്ന യു.എസ് വെബ് കമ്പനികളുടെ സ്വകാര്യതാ വാദങ്ങളെ പുന:പരിശോധനക്ക് വിധേയമാക്കേണ്ട  വാര്‍ത്തയാണിത്‌. അതേസമയം, ഇവിടെ വിട്ടുപോകാന്‍ പാടില്ലാത്ത ഒന്നുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ രഹസ്യങ്ങളുടെ സ്ഥാനമെന്ത് എന്ന ചോദ്യം. എന്‍.എസ്.എ സംഭവം അതിനുള്ള കൃത്യമായ ഒരുത്തരമാണ്.

 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലവില്‍ വരികയും 1952-ല്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്‍ അംഗീകൃതമാക്കുകയും ചെയ്ത ഈ ഏജന്‍സിയുടെ നിലനില്‍പ്പ്‌ പോലും അടുത്ത രണ്ട് ദശകക്കാലയളവില്‍ പുറത്തുവിട്ടിരുന്നില്ല. എതിരാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്ന യുദ്ധരീതി  തുടരുകയാണ് യു.എസ് ഭരണകൂടം ചെയ്തത്. 2001 സെപ്തംബര്‍ 11-ന്റെ ആക്രമണത്തോടെ ഇത്തരം വിവരശേഖരണം രാജ്യത്തിനകത്തേക്കും വ്യാപിക്കുകയായിരുന്നു. ബുഷ്‌ ഭരണകൂടം ആരംഭിച്ച ഈ പ്രവണത ഒബാമക്ക് കീഴില്‍ കൂടുതല്‍ ശക്തമായതായാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.     

 

ജനങ്ങള്‍ക്ക് പരമാധികാരം എന്ന ജനാധിപത്യ ആശയത്തെ കീഴ്‌മേല്‍ മറിക്കുന്ന സമീപനമാണിത്. ജനപ്രതിനിധികളുടെ സൈനിക ഭരണമായി ജനാധിപത്യ വ്യവസ്ഥ മാറ്റപ്പെടുന്നു. മാത്രവുമല്ല, ഇതാണ് അഭിലഷണീയ വ്യവസ്ഥ എന്ന്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ഈ രീതി ലോകമെങ്ങും ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണകൂടത്തിലും ഈ ഇറക്കുമതി കാണാം. കേന്ദ്ര നിരീക്ഷണ സംവിധാനം (സി.എം.എസ്) എന്ന പേരില്‍ ഇന്ത്യ ആവിഷ്കരിച്ചിരിക്കുന്ന 400 കോടി രൂപയുടെ പദ്ധതി പ്രിസം പദ്ധതിയുടെ അതേ മാതൃകയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ വിവരശേഖരണത്തിനുള്ളതാണ്‌.  

 

ആശയപ്രകാശനത്തിന് സ്വതന്ത്രമായ മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുക വഴി വ്യക്തിയില്‍ ജനാധിപത്യ ബോധം അന്തര്‍ലീനമാക്കുന്നതിന് വിര്‍ച്വല്‍ ലോകത്തിന് കഴിയും. എന്നാല്‍, ഈ ആശയപ്രകാശനങ്ങളെ യുദ്ധരീതിയില്‍ സമാഹരിക്കുന്ന ഭരണകൂടം എതിരാളികളായി കാണുന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളെയാണ്. ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ പുറത്തുവരുമ്പോഴും അവ ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും നഷ്ടപ്പെടുന്നത് ഭരണകൂടത്തിന്റെ ജനാധിപത്യ സാധുതയാണ്. രഹസ്യങ്ങളിലൂടെയല്ല, സുതാര്യതയിലൂടെ മാത്രമേ ഡിജിറ്റല്‍ യുഗത്തില്‍ ജനാധിപത്യ സാധുത നേടിയെടുക്കാന്‍ കഴിയൂ എന്ന വസ്തുത തിരിച്ചറിയാന്‍ ഇനിയും ഭരണകൂടങ്ങള്‍ വൈകിക്കൂടാ.

Tags: