അദ്വാനിയുടെ രാജിയും ആർ.എസ്സ്.എസ്സിന്റെ ചിരിയും

Tue, 11-06-2013 05:45:00 PM ;

എല്‍.കെ.അദ്വാനിയുടെ പാർട്ടിസ്ഥാനങ്ങളില്‍ നിന്നുള്ള രാജിയില്‍ ദേശീയമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കൾ വിലപിക്കുന്നതുപോലെയാണ് സംസാരിച്ചത്. പാർട്ടിയുടെ സ്ഥാപകരിലൊരാളായ അദ്വാനിയോട് ബി.ജെ.പി നേതൃത്വം കാട്ടിയത് അങ്ങേയറ്റത്തെ നന്ദികേടാണെന്ന്‍ ചർച്ചയില്‍ പങ്കെടുത്ത മതേതരസ്വഭാവം പുലർത്തുന്ന നേതാക്കളെല്ലാം അഭിപ്രായപ്പെടുകയുണ്ടായി. മിക്ക മാധ്യമങ്ങളും അദ്വാനിയുഗം അവസാനിച്ചുവെന്നു വരെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ദില്ലിയില്‍ ചേർന്ന പാർലമെന്ററി ബോർഡ് യോഗം ഏകകണ്ഠമായി അദ്വാനിയോട് രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്വാനി വഴങ്ങുന്നില്ല. കൗതുകമെന്നു തോന്നാവുന്ന ചിലചിത്രങ്ങൾ ഈ പശ്ചാത്തലത്തില്‍ തെളിഞ്ഞുവരുന്നു. ആ ചിത്രങ്ങളില്‍ കൂടുതല്‍ തിളങ്ങിക്കാണുന്നത് ആർ.എസ്സ്.എസ്സിന്റെ ചിരിയാണ്.

 

 

ചിത്രങ്ങൾ:

 • നരേന്ദ്രമോഡി ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും, ഇന്ത്യക്കകത്തും പുറത്തുമുള്ളവരും വിശ്വസിക്കുന്നു. ആ മോഡിയെ 2014-ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണക്കമ്മറ്റിയുടെ അദ്ധ്യക്ഷനായി ബി.ജെ.പി. നിശ്ചയിക്കുന്നു. അറുപത്തിരണ്ടു വയസ്സാണെങ്കിലും യുവ ഇന്ത്യയ്ക്ക് യുവത്വമുള്ള പ്രധാനമന്ത്രി സ്ഥാനാർഥി. ഗുജറാത്ത്മാതൃക ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ കരുത്തുള്ളവൻ.

   

 • തീവ്രഹിന്ദുത്വ മുഖം മാത്രമാണ് മോഡിയുടെ സ്വീകാര്യതയ്ക്ക് തടസ്സമായി നില്‍ക്കുന്നത്. അദ്ദേഹം എതിർക്കപ്പെടുന്നതും അതിന്റെ പേരില്‍.

 

 • മോഡിയെ എതിർക്കുന്നവർ എളുപ്പത്തില്‍ പ്രകടമായ മതേതരവാദികളാവുന്നു. ശക്തമായി എതിർക്കുന്നവർ വലിയ മതേതരവാദികൾ. ആ നിലയ്ക്ക്  മോഡിയെ ഇന്ത്യയില്‍ ഏറ്റവും ശക്തമായി, സ്വന്തം രാഷ്ട്രീയ ജീവിതത്തെ ബലിയർപ്പിച്ചുകൊണ്ട്, എതിർത്തിരിക്കുകയാണ് അദ്വാനി. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ ഒരു മതേതരവാദിക്കും അദ്വാനിയെ അംഗീകരിക്കാതിരിക്കാനാവില്ല.

 

 • പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചെങ്കിലും അദ്ദേഹം എൻ.ഡി.എ ചെയർമാൻ സ്ഥാനം രാജിവെച്ചില്ല.

 

 • ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം കേന്ദ്രത്തില്‍ കിട്ടാൻ സാധ്യത ഇന്നത്തെ നിലയ്ക്കില്ല.

 

 • തൊണ്ണൂറുകളില്‍ അദ്വാനിയുടെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട തീവ്രഹിന്ദുത്വവികാരം ഇപ്പോൾ തെരഞ്ഞെടുപ്പുകളില്‍ ഏശില്ല. ഇന്ത്യൻ മധ്യവർഗത്തെ സ്വാധീനിക്കാൻ പര്യാപ്തമായ ഒന്നും തന്നെ ബി.ജെ.പിക്ക് ഉയർത്താനില്ല.

 

 • തീവ്രഹിന്ദുത്വമുഖം ഇന്നത്തെ സാഹചര്യത്തില്‍ മോഡിക്കുമാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ എൻ.ഡി.എ സഖ്യകക്ഷികൾക്ക് സ്വീകാര്യനല്ല മോഡി. അത് സഖ്യകക്ഷികൾ ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. അതും ആർ.എസ്.എസ്.തന്ത്രമായിക്കൂടായ്കയില്ല. കാരണം മോഡിയെ എതിർത്താല്‍ സഖ്യകക്ഷികൾക്ക് മതേതരത്വസ്വഭാവം കൈക്കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് നേടാം.

 

 • കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വികസന അജണ്ട ഇതുവരെയും പ്രയോഗത്തില്‍ വരുത്തിയതായി ഉയര്‍ത്തിക്കാണിക്കാന്‍ ഉദാഹരണമില്ല. എന്നാല്‍,  കോണ്‍ഗ്രസ് ഉയർത്തിപ്പിടിക്കുന്ന വികസനമാതൃക ഗുജറാത്തില്‍ നടപ്പിലാക്കിയതിന്‍റെ മികവുമുഴുവൻ മോഡി അവകാശപ്പെടുന്നു. ഗുജറാത്ത്‌മോഡല്‍ ബ്രാൻഡാക്കി മാറ്റുന്നതിലും മോഡി വിജയിച്ചു. തീവ്രഹിന്ദുത്വ മുഖവും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്ന നവഇന്ത്യയുടെ ചെറുപതിപ്പ് യാഥാർഥ്യമാക്കുകയും ചെയ്തു മോഡി. ഇത് ബി.ജെ.പിക്ക് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതിന് ആവേശമുണർത്താൻ ധാരാളം.

 

 • തീവ്രഹിന്ദുത്വ മുഖവും വികസനത്തിളക്കവുമുള്ള മോഡിയിലൂടെ പരമാവധി സീറ്റുകൾ കരസ്ഥമാക്കി കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റക്കക്ഷിയാവുക. ഒപ്പം മോഡി വിരുദ്ധതയിലൂടെയുള്ള വോട്ടുകൾ കോണ്‍ഗ്രസ്സിന്റെ പെട്ടിയില്‍ വീഴാതെ എൻ.ഡി.എ സഖ്യകക്ഷികൾക്ക് നേടിക്കൊടുക്കുക. ഇങ്ങനെയൊരു സാഹചര്യം തെരഞ്ഞെടുപ്പില്‍ സംജാതമായെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് അധികാരത്തെക്കുറിച്ച് ചിന്തിക്കാനാവുകയുള്ളു.

 

 • സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത്യാവശ്യം ചില സീറ്റുകൾ കൂടുതല്‍ വേണമെങ്കില്‍ ഏതു മതേതര കക്ഷികൾക്കും ഒട്ടും സങ്കോചമില്ലാതെ ഏറ്റവും വലിയ മതേതരനേതാവായ അദ്വാനിയെ പിന്തുണയ്ക്കാൻ കഴിയും.

 

 • തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നതിനുള്ള സാഹചര്യമൊരുക്കാൻ ആർ.എസ്സ്.എസ്സ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ബി.ജെ.പിയിലെ സംഭവവികാസങ്ങളെ കാണേണ്ടത്.

 

 • അധികാരത്തിലെത്തുന്നത് ലക്ഷ്യമാകുമ്പോൾ വർഗീയതയും മതേതരത്വവും പ്രയോഗിക്കുന്നത് ഓരോന്നിന്റേയും 'വിപണി സാധ്യത'യനുസരിച്ചാണ്. ആർ.എസ്സ്.എസ്സ് വിപണിസാധ്യത വളരെ വൈദഗ്ധ്യത്തോടെ ഉപയോഗിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ നാടകീയസംഭവങ്ങൾ വ്യക്തമാക്കുന്നത്. വികസനം മറ്റൊരു വൻ വിപണിസാധ്യതയും.

Tags: