വേണമെങ്കില്‍ നിരാഹാരസമരമാകട്ടെ

Sat, 17-08-2013 05:45:00 PM ;

vs achuthanandan and pinarayi vijayan

ചിങ്ങം പിറന്നു. കാലാവസ്ഥയോടൊപ്പം  രാഷ്ട്രീയകേരളവും കാറും കോളും പേമാരിയും നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി സംസ്ഥാനഭരണം പ്രായോഗികമായി നിശ്ചലാവസ്ഥയിലാണ്. ധാർമികതയുടേയും മൂല്യങ്ങളുടേയും അവശേഷിച്ച ധാതുലവണങ്ങൾ ഒഴുകിപ്പോകുന്നതാണ് സോളാർ തട്ടിപ്പ് പുറത്തുവന്നതിനെത്തുടർന്ന്‍ എല്ലാ തലങ്ങളിലും കേരളം സാക്ഷ്യം വഹിച്ചത്. പരമ്പരാഗത രീതിയിലും അതില്‍ നിന്ന്‍ വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിഷേധം വരെ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കാൻ വേണ്ടി പ്രതിപക്ഷം നടത്തിനോക്കി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സെക്രട്ടറിയറ്റ് ഉപരോധസമരം വരെ നടത്തി. അതു കഴിഞ്ഞപ്പോൾ അതുവരെ ദുർബലാവസ്ഥയിലായിരുന്ന ഉമ്മൻ ചാണ്ടി പഴയതിനേക്കാളും ശക്തനായി. ജേതാവായി. ഉപരോധസമരം പരാജയമാണെന്ന വിലയിരുത്തല്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ  തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും. ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന്റെ ഒരു ഘട്ടം കഴിയുക മാത്രമേ ഉപരോധസമരം കൊണ്ട് കഴിഞ്ഞിട്ടുള്ളുവെന്നും ശക്തമായ സമരം തുടരുമെന്നും പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞിട്ടുണ്ട്.

 

പ്രതിഷേധത്തിന്റേയും  അതിനെ നേരിടുന്നതിന്റെയും ജയപരാജയങ്ങൾ നോക്കിയിട്ട് കാര്യമില്ല. ഉമ്മൻ ചാണ്ടി അത്ര പെട്ടെന്ന് കസേര ഒഴിയുകയില്ലെന്നും, ഒഴിപ്പിക്കുക അത്ര എളുപ്പമല്ലെന്നും ഇതിനോടകം വ്യക്തമായിട്ടുണ്ട്. മാത്രവുമല്ല, ഒരുപക്ഷേ ചുരുങ്ങിയത് കേരളചരിത്രത്തിലെങ്കിലും ആദ്യമായിട്ടായിരിക്കും, ആർക്കെതിരെയാണോ സമരം നടന്നത് ആ വ്യക്തി സമരം കഴിഞ്ഞിപ്പോൾ അതിശക്തനായി  മാറുന്നതും. ജനവികാരത്തെ മനസ്സിലാക്കുന്നതില്‍ ഐക്യജനാധിപത്യമുന്നണിയും മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരേപോലെ പരാജയപ്പെട്ട ചിത്രവും കൂട്ടത്തില്‍ തെളിയുന്നുണ്ട്. അറബ് വസന്തം പോലുള്ള പ്രതിഷേധങ്ങൾ സ്വമേധയാ രൂപംകൊണ്ട് കൂടുതലും പ്രദേശവാസികൾ വീടുവിട്ടിറങ്ങി നടത്തുന്നതാണ്. അല്ലാതെ  സ്‌കൂൾ യുവജനോത്സവം പോലെ അടുക്കള സജ്ജമാക്കി സംഘടിപ്പിക്കുന്നതല്ല.

 

ഇനിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികൾ തടസ്സപ്പെടുത്തിക്കൊണ്ടും അക്രമസംഭവങ്ങൾ ക്ഷണിച്ചുവരുത്തിക്കൊണ്ടുമുള്ള പ്രതിഷേധം പ്രതിപക്ഷത്തിന്റെ അവശേഷിക്കുന്ന വിശ്വാസ്യത ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളു.

 

ഇരുമുന്നണികളും തമ്മില്‍ കാതലായ വ്യത്യാസമൊന്നുമില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. രണ്ട് മുന്നണിയും നേരിടുന്ന പ്രശ്നങ്ങളും ഏറെക്കുറെ ഒന്നുതന്നെ. പ്രധാനപാർട്ടിയിലെ ഉൾപ്രശ്നങ്ങൾ. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തില്‍ തുടരുന്നതില്‍ പോലും സി.പി.ഐ.എമ്മിനകത്തെ പ്രശ്നങ്ങൾ  ഒരു പരിധിവരെ കാരണമാണ്. എന്തായാലും ഇനിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികൾ തടസ്സപ്പെടുത്തിക്കൊണ്ടും അക്രമസംഭവങ്ങൾ ക്ഷണിച്ചുവരുത്തിക്കൊണ്ടുമുള്ള പ്രതിഷേധം പ്രതിപക്ഷത്തിന്റെ അവശേഷിക്കുന്ന വിശ്വാസ്യത ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളു. ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി  നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്.

 

ജനാധിപത്യപരവും സമാധാനപരവും അതേസമയം ശക്തവുമായ സമരമുറയാണ് സത്യാഗ്രഹ സമരം. അത് നിരാഹാര സമരവും ആകാം. പ്രതിഷേധം തുടരാനാണ് തീരുമാനമെങ്കില്‍ ഇടതുപക്ഷനേതാക്കൾക്ക് നിരാഹാര സമരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. അത് സെക്രട്ടറിയറ്റിന്റെ മുന്നില്‍ത്തന്നെയും ആകാം. മാധ്യമശ്രദ്ധ ഒട്ടും കുറയില്ല. പതിവ് വിട്ട് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയാലും നിരാഹാരം തുടര്‍ന്നാല്‍ അത്തരത്തിലൊരു സമരത്തിന്റെ നേർക്ക് ഉമ്മൻ ചാണ്ടിക്ക് ഒരു പരിധിക്കപ്പുറം കണ്ണടയ്ക്കാൻ പറ്റില്ല. കേന്ദ്രസേനയെ വിളിക്കാൻ അദ്ദേഹത്തിന് അവസരവുമുണ്ടാവില്ല. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണസ്തംഭനം മൂലമുണ്ടാവുന്ന ദുരിതങ്ങളില്‍ നിന്ന്‍ മുക്തിയുമുണ്ടാവും.

Tags: